കരൂര്‍ ദുരന്തം: ടിവികെ നേതാക്കൾ റിമാൻഡിൽ

കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാവ് മതിയഴകൻ, പൗന്‍ രാജ് എന്നിവരെ റിമാൻഡ് ചെയ്തു. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഒക്ടോബർ 14 വരെയാണ് റിമാൻഡ് കാലാവധി. എന്നാൽ പ്രതികൾക്ക് യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് പൊലീസിന് കോടതി നിർദേശം നൽകി.
പൊലീസ് മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചു എന്നുള്ള പ്രതിഭാഗത്തിന്റെ അറിയിപ്പിനെ തുടർന്നാണ് കോടതിയുടെ നിർദേശം. പൊലീസിനെ വിമർശിച്ചുള്ള ടിവികെ വാദങ്ങൾ കോടതി തള്ളി. കോടതി വിധിയിൽ നിയമ പോരാട്ടം തുടരുമെന്നും നിയമവിരുദ്ധമായാണ് ടിവികെ നേതാക്കൾക്കെതിരെ കേസെടുത്തതെന്നും ടിവികെ അഭിഭാഷകർ പറഞ്ഞു. അത് കോടതിയിൽ തെളിയിക്കുമെന്നും അഭിഭാഷകർ പറഞ്ഞു.
ദുരന്തത്തിന് പിന്നാലെ ടിവികെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി. കരൂർ ചിന്ന ആണ്ടാൻ കോവിലിലെ പാർട്ടി ഓഫീസാണ് പൂട്ടിട്ട നിലയിൽ ഉള്ളത്. കരൂർ വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയത്.