ഡൊണാൾഡ് ട്രംപിന് ഇപ്പോൾ പാലഭിഷേകമില്ല, മാല ചാർത്തലില്ല; ഇന്ത്യയുമായി കോർത്തതോടെ ”ട്രംപ് ക്ഷേത്രം” ഉപേക്ഷിച്ച് നാട്ടുകാർ

തെലങ്കാനയിലെ പ്രസിദ്ധമായ ട്രംപ് ക്ഷേത്രം ഇപ്പോൾ ജനങ്ങൾ ഉപേക്ഷിച്ച നിലയിലാണ്. നാലാൾ രീതിയിൽ പൂജകളും മാള ചത്താലും ഒക്കെ നടന്നിരുന്ന ക്ഷേത്രത്തിൽ പോകാൻ ആളുകൾ ഇപ്പോൾ മടിക്കുകയാണ്. ബുസ കൃഷ്ണ എന്ന കര്‍ഷകനാണു ട്രംപിനോടുള്ള ആരാധന മൂത്ത്, ഈ ക്ഷേത്രം നിര്‍മിച്ചത്. ഡോണള്‍ഡ് ട്രംപിനെ സ്വപ്നത്തില്‍ കണ്ടതിനു പിന്നാലെയായിരുന്നു ഇയാൾ ക്ഷേത്ര നിര്‍മാണം തുടങ്ങിയത്. സ്വപ്നം കണ്ടതിന് ശേഷം, 2018 ല്‍ പൂജാ മുറിയില്‍ ട്രംപിന്റെ ചിത്രംവച്ചായിരുന്നു ഇദ്ദേഹം ആരാധന തുടങ്ങിയത്. പിന്നീട് അതൊരു ക്ഷേത്രം പോലെയാക്കി, അവിടെ ദിവസവും പൂജ ചെയ്തു തുടങ്ങി.
2019 ആയപ്പോഴേക്കും, ഇയാൾക്ക് ട്രംപിനോടുള്ള സ്നേഹം കൂടിക്കൂടി വന്നു. അങ്ങനെ രണ്ട് ലക്ഷം രൂപയോളം ചെലവാക്കിക്കൊണ്ട്, കൃഷ്ണ വീടിന് പുറത്ത്, ആറ് അടി ഉയരമുള്ള ട്രംപിന്റെ പ്രതിമ സ്ഥാപിച്ചു. ആ പ്രതിമ പൂമാലകള്‍ കൊണ്ട് അലങ്കരിച്ചു. കൂടാതെ ട്രംപിനെ പാലിൽ കുളിപ്പിക്കുകയും ചെയ്തിരുന്നു. തെലങ്കാനയിലെ ജങ്കാവോൺ ജില്ലയിലെ കോനെ ഗ്രാമത്തിലെ വീട്ടിലാണ് ബുസ്സ കൃഷ്ണ ട്രംപിന്റെ മെഴുകുപ്രതിമ സ്ഥാപിച്ചത്.
വീടിന്റെ ചുവരുകളില്‍ ഗ്രാഫിറ്റിയും ട്രംപിന്റെ പോസ്റ്ററുകളും നിറച്ചു. അതോടെ നാട്ടുകാര്‍ അദ്ദേഹത്തെ ‘ട്രംപ് കൃഷ്ണ’ എന്ന വിളിക്കാന്‍ തുടങ്ങി. ട്രംപിന്റെ ഒരു ഫോട്ടോ എപ്പോഴും ഇയാൾ കൂടെ കൊണ്ടുനടന്നു. ട്രംപിന്റെ ചിത്രമുള്ള ടിഷര്‍ട്ടുകള്‍ മാത്രം ധരിച്ചു. ട്രംപിനു എപ്പോളൊക്കെ തിരിച്ചടി ഉണ്ടായപ്പോളും ഇയാൾ ഉപവാസം അനുഷ്ഠിക്കുകയും ചെയ്തു.
ട്രംപ് കോവിഡ്19 പോസിറ്റീവായപ്പോള്‍ കൃഷ്ണ അദ്ദേഹത്തിനായി പ്രാര്‍ഥനകളില്‍ മുഴുകി. അമേരിക്കൻ പ്രസിഡന്റിന്റെ രോഗശാന്തിക്കായി കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു ശ്രദ്ധ നേടി. എന്നാൽ 2020 ഒക്ടോബറില്‍, 33 -ാം വയസ്സില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു കൃഷ്ണ മരിച്ചു. ട്രംപിനെ ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന ആഗ്രഹം ബാക്കി വെച്ചാണ് കൃഷ്ണ മരിക്കുന്നത്. എന്നാൽ അടുത്ത ഇലക്ഷനിൽ ട്രംപ് ജയിച്ച് അധികാരത്തിൽ വരുമെന്ന് ഇയാൾ പറയുമായിരുന്നു.
ട്രംപ്, കൃഷ്ണയ്ക്ക് ദൈവതുല്യനാണെന്നും അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ട്രംപിൻ്റെ വിജയത്തോടെ കൃഷ്ണയെയും ലോകം അറിയുമായിരുന്നുവെന്നും കുടുംബാംഗങ്ങളും പറയുന്നു. ഇത്രക്കും തന്നെ സ്നേഹിക്കുന്ന ആളെ കാണാൻ ട്രംപ് തങ്ങളെ തേടി വരുമായിരുന്നു എന്നും അവർ വിശ്വസിച്ചിരുന്നു.
അദ്ദേഹത്തിന്റെ മരണശേഷവും ക്ഷേത്രത്തില്‍ പൂജകള്‍ മുടങ്ങിയില്ല. പ്രത്യേകിച്ച് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷം, ഗ്രാമവാസികളും ബന്ധുക്കളും ക്ഷേത്രത്തില്‍ എത്തി പ്രതിമ വൃത്തിയാക്കി പൂമാലകള്‍ അണിയിച്ചു. പിന്നീടും അവിടെ ആരാധന നടത്തിയിരുന്നു.
എന്നാല്‍, ട്രംപ് ഇന്ത്യക്കെതിരേ തിരിഞ്ഞതോടെ കാര്യങ്ങള്‍ എല്ലാം മാറിമറിഞ്ഞു. അവിടേക്ക് വരുവാൻ ആളുകൾ ഇപ്പോൾ മടിച്ച് നിൽക്കുകയാണ്. ട്രംപ് ക്ഷേത്രത്തെ രാജ്യവിരുദ്ധമായ ഒരു സ്ഥലമായാണ് പലരും ഇപ്പോൾ കാണുന്നത്. ഈ ക്ഷേത്രം ഉടനെ പൊളിച്ച് മാറ്റണമെന്ന ആവശ്യവും ഇപ്പോൾ ഉയരുന്നുണ്ട്.
ഉയർന്ന താരിഫുകൾ ചുമത്തുകയും, ഇന്ത്യക്കെതിരെ പാകിസ്ഥാനെ ഉയർത്തിക്കൊണ്ടു വരാന്‍ ട്രംപ് ശ്രമിക്കുന്നതും ഗ്രാമവാസികൾ അറിഞ്ഞിട്ടുണ്ട്. ട്രംപ് ക്ഷേത്രം ആരെങ്കിലും അതിക്രമിച്ച് കയറി പൊളിക്കുമോ എന്ന ഭയവും ഇപ്പോൾ വീട്ടുകാർക്കുണ്ട്.