ബിആര്‍എസില്‍ പൊട്ടിത്തെറി; കെ കവിതയെ സസ്പെന്‍ഡ് ചെയ്തു

തെലങ്കാനയിലെ ബിആര്‍എസില്‍ പൊട്ടിത്തെറി. പാര്‍ട്ടി നേതാവും മകളുമായ കെ കവിതയെ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് പ്രസിഡന്റുമായ കെ ചന്ദ്രശേഖര്‍ റാവു സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്ന പേരിലാണ് നടപടി.
കെ കവിതയുടെ ഭാഗത്തു നിന്നും അടുത്തിടെയുണ്ടായ പ്രസ്താവനകളും പ്രവൃത്തിയും പാര്‍ട്ടി നയത്തിനും തത്വങ്ങള്‍ക്കും വിരുദ്ധമായതിനാലാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നാണ് വിശദീകരണം. നടപടി ഉടന്‍ പ്രാബല്യത്തില്‍ വന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടി രവീന്ദര്‍ റാവു അറിയിച്ചു. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് കെ കവിത.
കവിതയുടെ സമീപകാലത്തെ പെരുമാറ്റവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും നേതൃത്വം ഗൗരവമായിട്ടാണ് കണ്ടിരുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അച്ചടക്ക സമിതി അധ്യക്ഷനുമായ സോമ ഭാരത് കുമാര്‍ പറഞ്ഞു. പാര്‍ട്ടിയിലെ അദികാര വടംവലിയാണ് പൊട്ടിത്തെറിയില്‍ കലാശിച്ചതെന്നാണ് സൂചന. അടുത്തിടെ മുന്‍മന്ത്രിയും അടുത്ത ബന്ധുവുമായ ടി ഹരീഷ് റാവുവിനെതിരെ കവിത പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു