പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ ടി വി താരം മരിച്ചു ഡോക്ടർമാരുടെ പിഴവെന്ന് ബന്ധുക്കൾ
കന്നഡ ടെലിവിഷൻ താരം ചേതനാ രാജ് അന്തരിച്ചു. പ്ലാസ്റ്റിക് സർജറിക്ക് വിധേയയായ ചേതന ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കന്നഡ സീരിയലിലെ തിരക്കുള്ള താരമായിരുന്നു ചേതന.
ഇന്നലെ രാവിലെയാണ് ചേതന പ്ലാസ്റ്റിക് സർജറിക്കായി ആശുപത്രിയിൽ എത്തിയത്. ശരീരത്തിലെ കൊഴുപ്പ് നീക്കുന്നതിന് വേണ്ടിയുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. എന്നാൽ വൈകുന്നേരത്തോടുകൂടി ശ്വാസ തടസം ഉണ്ടായി. പെട്ടന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രക്ഷിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കൾക്കൊപ്പമാണ് ചേതന ആശുപത്രിയിൽ എത്തിയത്. മരണം സംഭവിച്ചതോടെയാണ് അടുത്ത ബന്ധുക്കൾ ആശുപത്രിയിൽ എത്തിയത്. മരണത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതോടെ പോസ്റ്റ്മോർട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്ക് മാറ്റി. സർജറി നടന്ന ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന പരാതിയാണ് ബന്ധുക്കൾ ഉന്നയിച്ചത്. മതിയായ സൗകര്യങ്ങൾ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയെന്ന് കാണിച്ച് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണ് പൊലീസ്.
Content Highlight – TV star dies after plastic surgery: Relatives blame doctors