‘ശരണ്യയ്ക്കായുള്ള തെരച്ചിലിന് കേന്ദ്രം ഇടപെടണം’ – ആവശ്യവുമായി കുടുംബം; ശ്രമം തുടരുന്നുവെന്ന് ഡി കെ ശിവകുമാര്‍
കുടകിലെ തടിയന്റെ മോള് മലയില്‍ ട്രക്കിങിനിടെ കാണാതായ ശരണ്യയുടെ തെരച്ചിലിന് കേന്ദ്രം അടിയന്തിരമായി ഇടപെടണം എന്ന് കുടുംബം. അമ്മാവന് ഹരിദാസാണ് തെരച്ചിലിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. വനത്തിനകത്ത് തെരച്ചിലിന് കഴിവുള്ളവര്‍ ഉണ്ടെങ്കില്‍ ഉപയോഗപ്പെടുത്തണമെന്നും സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, കര്‍ണാടക, കേരള സര്‍ക്കാറുമായി ബന്ധപ്പെട്ടിരുന്നെന്നും തടിയന്റെമോള്‍ മലയുടെ എതിര്‍വശം കൊടും കാടാണ്. അടിയില്‍ അരുവിയും ഒഴുകുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ സംവിധാനം വേണം. ശരണ്യ മനക്കരുത്തുള്ള കുട്ടിയാണ്. നല്ല ആരോഗ്യവും ഉണ്ട്. ട്രക്കിങില്‍ ട്രെയിനിങ് കഴിഞ്ഞയാളാണ് എന്നും കുടുംബം പറയുന്നു.
എറണാകുളത്തെ ജോലി സ്ഥലത്ത് നിന്നാണ് ട്രക്കിങിന് പോയത്. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരച്ചില്‍ നടത്തുന്ന സ്ഥലത്തുണ്ട്. ശരണ്യ തടിയന്റെ മോള് ട്രക്കിങ് കേന്ദ്രത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന് പറയുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകള്‍ എത്താറുള്ളത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ നിന്നും 8.15 ന് ട്രക്കിങ്ങിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷന്മാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമാണ് ട്രക്കിങിന് പോയത്. ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു നില്‍ക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവര്‍ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥന് പറഞ്ഞു.
പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തില്‍ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അവര്‍ താഴേക്ക് ഇറങ്ങിവരുമ്പോള്‍ ശരണ്യയെ കണ്ടിരുന്നതായി പറഞ്ഞിരുന്നു. അവര്‍ താഴേക്ക് പോവുകയാണെന്ന് ശരണ്യയോട് പറഞ്ഞപ്പോള്‍ താന്‍ വന്നോളാമെന്നാണ് ശരണ്യ പറഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന് പറയുന്നു. പിന്നീടാണ് റിസോര്‍ട്ടിലെ ആളെത്തി ശരണ്യ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞത്. ഫോണില്‍ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു. അപ്പോഴാണ് വഴി തെറ്റിയെന്ന് ശരണ്യ പറഞ്ഞത്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ഉടന്‍ തന്നെ മേലധികാരികളെ വിവരം അറിയിച്ചു. നാട്ടുകാരയടക്കം വിളിച്ചു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും നാട്ടുകാരയും ട്രൈബല്‍ വിഭാഗത്തിലുള്ളവരെയുമടക്കം വിളിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസ് ഡോഗ് സ്ക്വാഡും അടക്കം 150ഓളം പേര് ചേര്‍ന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല
അറുപതോളം പേര് നാലു സംഘങ്ങളായി കാട് അരിച്ചുപെറുക്കിയിട്ടും ശരണ്യയെ കണ്ടെത്താനായില്ല. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ നിന്നാണ് ശരണ്യയെ കാണാതായത്. തെരച്ചിലിന് ഡ്രോണുകളെയും സ്നിഫര്‍ ഡോഗുകളെയും നിയോഗിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ശരണ്യയ്ക്കായി ശ്രമം ഊര്‍ജിതമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. ശരണ്യയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും. കര്‍ണാടക ആന്റി നക്സല്‍ ഫോഴ്സ് ആണ് തെരച്ചില്‍ നടത്തുന്നത്. തടിയന്റെമോള്‍ മലയില്‍ വനത്തിനകത്ത് തെരച്ചിലിനും ഓപ്പറേഷനും പരിശീലനം ലഭിച്ച സംഘമാണ് കര്‍ണാടക ആന്റി നക്സല്‍ ഫോഴ്സ്. ആയുധങ്ങളുമായാണ് സംഘം തെരച്ചില്‍ നടത്തുന്നത്.








