സ്കൂളിലെ കുടിവെള്ള ടാങ്കിൽ വിഷം കലർത്തി ശ്രീരാമസേന; മുസ്ലിം അധ്യാപകനെ സ്ഥലം മാറ്റിക്കാൻ നടത്തിയ കൊടും ക്രൂരത

ഒരു വിദ്യാലയത്തിലെ, നൂറു കണക്കിന് കുട്ടികൾ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ടാങ്കിൽ വിഷം കലർത്തിയിരിക്കുകയാണ് ശ്രീരാമന്റെ ആളുകൾ. അവിടുത്തെ പ്രധാനാധ്യാപകൻ ഒരു മുസ്ലിം ആണ്. അയാളെ പുറത്താക്കാന്‍ വേണ്ടിയാണ് സ്കൂളിലെ വാട്ടര്‍ ടാങ്കില്‍ ശ്രീരാമസേനക്കാർ വിഷം കലക്കിയത്.
വെള്ളം കുടിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് ഈ കൊടും ക്രൂരത പുറത്തായത്. സംഭവത്തില്‍ ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബെലഗാവിയിലെ സവദത്തി താലൂക്കിലാണ് സംഭവം നടന്നത്.
12 കുട്ടികളാണ് ഈ വിഷം കലർന്ന വെള്ളം കുടിച്ച ശേഷം ചികിത്സ തേടിയത്. വെള്ളത്തിന്റെ രുചിയില്‍ മാറ്റമുണ്ടായതോടെ കുട്ടികള്‍ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കുട്ടികള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും എല്ലാവരും ചികില്‍സയ്ക്ക് ശേഷം സുഖം പ്രാപിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഹുലിക്കട്ടിയിലെ സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ പ്രധാനാധ്യാപകനായ സുലൈമാന്‍ ഗോരി നായിക്കിനെതിരെ ഒരു സംശയം ഉണ്ടാക്കുക എന്നതായിരുന്നു ശ്രീരാമ സേനയുടെ ലക്ഷ്യം. കുറ്റം ആരോപിച്ച്, ഈ അധ്യാപകനെ സ്ഥലം മാറ്റിക്കാനായിരുന്നു ഇവർ വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയത്. കഴിഞ്ഞ 13 വര്‍ഷമായി സ്കൂളില്‍ അധ്യാപകനാണ് ഇദ്ദേഹം.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു അഞ്ചാം ക്ലാസുകാരനാണ് ടാങ്കില്‍ വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തി. തനിക്ക് വിഷമടങ്ങിയ കുപ്പി കൈമാറുകയായിരുന്നു എന്നും ഇത് ടാങ്കില്‍ ഒഴിക്കുകയായിരുന്നു എന്നും ഈ കുട്ടി പോലീസിനോട് സമ്മതിക്കുകയും ചെയ്തു.
കൃഷ്ണ മദാർ എന്നയാളാണ് വിഷകുപ്പി നല്‍കിയതെന്നാണ് കുട്ടിയുടെ മൊഴി. സാഗർ പാട്ടീല്‍, നാഗന ഗൗഡ പാട്ടീല്‍ എന്നിവരുടെ ഭീഷണിയിലാണ് കൃഷ്ണ മദാര്‍ ഈ കുറ്റകൃത്യം ചെയ്തത്. കൃഷ്ണ മദാർ ഇതര ജാതിയില്‍ പ്പെട്ട ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ കാര്യം നാട്ടിൽ എല്ലാം അറിയിക്കും എന്ന് സാഗര്‍ പട്ടീലും നാഗനഗൗഡ പട്ടീലും ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അങ്ങനെയാണ് കൃഷ്ണ മദാർ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ കണ്ട് ഈ കാര്യങ്ങൾ ഏർപ്പാടാക്കുന്നത്. ഒരു പാക്കറ്റ് ചിപ്സും ചോക്ലേറ്റും കൂടാതെ 500 രൂപയും കൃഷ്ണ മദാർ ആ കുട്ടിക്ക് നൽകിയാണ് വിഷം കലർത്താൻ സമ്മതിപ്പിച്ചത്. വിഷം കലക്കാൻ ഉപയോഗിച്ച കുപ്പി സ്കൂള്‍ കോമ്പൗണ്ടിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
സാഗര്‍ പാട്ടീല്‍ ശ്രീരാമസേന സവദത്തി താലൂക്ക് പ്രസിഡന്റാണ്. ഇയാളാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. മുസ്ലിമായ ഒരാള്‍ സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്യുന്നതിലെ വിരോധമാണ് കാരണമെന്ന് പാട്ടീൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്.
സംഭവത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. മതവിദ്വേഷവും മതമൗലികവാദവും പ്രേരിപ്പിക്കുന്ന ഹീനമായ പ്രവര്‍ത്തിയാണിതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഈ കുറ്റകൃത്യം സാമുദായിക സൗഹാര്‍ദത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയെന്നും, അതിനെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഇത്രക്കും കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തുക, അതും ഒരു അധ്യാപകനെ സ്ഥലം മാറ്റിക്കാൻ വേണ്ടി. ഇത് വേറെ ആർക്കും സാധിക്കാത്ത കാര്യമാണ്. മനുഷ്യനേക്കാൾ പശുക്കളെ സ്നേഹിക്കുന്ന, തീർത്തും മനിഷ്യത്വമില്ലാത്ത ആളുകളാണ് ഇത്തരം കൊടും ക്രൂരതകൾ ചെയ്യുന്നത്. ആരൊക്കെ മരിച്ചാലും ഒരു മുസ്ലിം അധ്യാപകനെ സ്ഥലം മാറ്റണമെന്ന ചിന്താഗതി ശ്രീരാമ സേനക്കും, ഹനുമാൻ സേനക്കും ഒക്കെയേ ഉണ്ടാകുകയുള്ളൂ.