കല്ലക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപികമാര്‍ കസ്റ്റഡിയില്‍
തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ പൊലീസ് കസ്റ്റഡിയില്‍. കല്ലക്കുറിച്ചി ചിന്നസേലം ഇന്റര്‍നാഷണല്‍ സ്കൂളിലെ ഗണിതം, കെമിസ്ട്രി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികമാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച്ച രാവിലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്കൂളിലെ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
അതേസമയം, കല്ലക്കുറിച്ചിയില്‍ ഇന്നലെ ഉണ്ടായ സംഘര്ഡഷവുമായി ബന്ധപ്പെട്ട് 120-ഓളം ആളുകളെ പൊലീസ് പിടികൂടി. സ്കൂളിലെ മുപ്പതിലധികം വാഹനം തകര്‍ത്തവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കല്ലക്കുറിച്ചി ചിന്നസേലം ഇന്റര്‍നാഷനല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെ ബുധനാഴ്ചയാണു ഹോസ്റ്റല്‍ വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം നിലയില്‍ നിന്നു ചാടുകയായിരുന്നു എന്നാണു സ്കൂള്‍ അധികൃതര്‍ അറിയിച്ചത്.
അധികൃതര്‍ പൊലീസില്‍ അറിയിക്കാത്തത് ദുരൂഹതയ്ക്ക് വഴിവെച്ചു. മരണത്തിനു മുന്‍പു പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരുക്കേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധം തുടങ്ങുകയായിരുന്നു.
Content Highlights – Suicide of student in Kallakurichi; Two teachers in police custody