റോക്കി ഭായിയെ അനുകരിച്ച് ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചു; 15 കാരന് ആശുപത്രിയില്‍
കെജിഎഫ്-2 കണ്ട ആവേശത്തില്‍ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് വലിച്ച 15കാരന് ആശുപത്രിയില്‍. ഇതേവരെ സിഗരറ്റ് വലിച്ചിട്ടില്ലാത്ത കുട്ടി രണ്ടു ദിവസത്തിനിടയില്‍ ഒരു പാക്കറ്റ് സിഗരറ്റാണ് വലിച്ചു തീര്‍ത്തത്. തുടര്‍ച്ചയായ ചുമയും തൊണ്ടവേദനയുമായി പയ്യനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിവരം പുറത്തായത്. കയ്യിലുണ്ടായിരുന്ന സിഗരറ്റ് കറയും നെഞ്ചിന്റെ എക്സ്റേ പരിശോധനയുമാണ് ഇക്കാര്യം വെളിവാക്കിയതെന്ന് കുട്ടിയെ ചികിത്സിച്ച ഡോ.രോഹിത് റെഡ്ഡി പറഞ്ഞു.
സിഗരറ്റ് വലിച്ച കാര്യം കുട്ടി തന്നെ പിന്നീട് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ഡോക്ടറോട് സമ്മതിക്കുകയായിരുന്നു. കെജിഎഫ്-2ലെ റോക്കിഭായിയുടെ സ്റ്റൈല്‍ അനുസരിച്ചാണ് താന്‍ സിഗരറ്റ് വലിച്ചതെന്നും കുട്ടി വെളിപ്പെടുത്തി. ഇതോടെ കുട്ടിയുടെ അച്ഛന് അവനെ തല്ലിയെന്നും അമ്മ കരയാന്‍ തുടങ്ങിയെന്നും ഡോക്ടര്‍ പറഞ്ഞു.
പിന്നീട് കുട്ടിക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിംഗ് നല്‍കിയാണ് ആശുപത്രിയില്‍ നിന്ന് അയച്ചത്. സിനിമകളിലെ പുകവലി മുന്നറിയിപ്പ് കാര്യമായ ഫലം ചെയ്യുന്നില്ലെന്നതാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് ഡോ.രോഹിത് റെഡ്ഡി പറഞ്ഞു.
Content Highlights: KGF-2, Smoking Kills, Cigarette