ധർമ്മസ്ഥലയിലെ തെരച്ചിലിൽ പരിഭ്രാന്തരായി ക്ഷേത്ര അധികാരികൾ; ഗുണ്ടകളുടെ വിളയാട്ടം, സൗജന്യയുടെ അമ്മാവൻറെ വാഹനം അടിച്ച് തകർത്തു

ധർമ്മസ്ഥലയില് ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനം അക്രമികൾ തല്ലി തകർത്തു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് ഇയാളുടെ വാഹനം തകർത്തത്. ഇന്നലെ നാല് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ആയിരുന്നു വാഹനം തകര്ത്തത്. വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയും, സീറ്റുകൾ കുത്തി ക്കീറുകയുമായിരുന്നു. 2012 ലാണ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്.
ഇപ്പോൾ ധർമ്മസ്ഥലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ സോൺ ഐജിയും ദക്ഷിണ കന്നട എസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അഞ്ചു ബറ്റാലിയൻ പൊലീസിനെ ധർമ്മസ്ഥലയിൽ വിന്യസിച്ചു. ഇന്നത്തെ പരിശോധന കനത്ത സുരക്ഷയിലാണ്. ഇരു വിഭാഗവും ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ ഏർപ്പാടാക്കിയത്.
പതിമൂന്ന് വർഷംമുമ്പ് കർണാടകത്തെ ഇളക്കിമറിച്ച കേസാണ് സൗജന്യയുടെ കൊലപാതകം. സിബിഐ അന്വേഷിച്ചിട്ടും പ്രതികൾ ആരെന്ന് കണ്ടെത്താൻ കഴിയാതെ മാഞ്ഞുപോയ കേസാണിത്. ഉജിരെ കോളേജിൽ പിയുസി വിദ്യാർഥിയായിരുന്ന സൗജന്യയെ 2012 ഒക്ടോബർ ഒമ്പതിനാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊന്നത്.
ഉച്ചയ്ക്കുശേഷം കോളേജിൽനിന്ന് വീട്ടിലെ പുത്തരി ചടങ്ങിനായി മടങ്ങിയതാണ്. ധർമസ്ഥലയിൽനിന്ന് രണ്ടര കിലോമീറ്റർ അകലെ പാങ്ങളയിലേക്കാണ് പോയത്. നേത്രാവതിഘട്ടിൽ ബസിറങ്ങി പെൺകുട്ടി നടന്നു പോകുന്നത് കണ്ടവരുണ്ട്. വൈകിയും വീട്ടിലെത്തിയില്ല. അമ്മ കുസുമാവതിയും അച്ഛൻ ചന്ദപ്പ ഗൗഡയും മകളെ അന്വേഷിച്ച് എല്ലായിടത്തും നടന്നു, പൊലീസിൽ അറിയിക്കുകയും ചെയ്തു. പിറ്റേന്ന് നേത്രാവതി ഘട്ടിന് അപ്പുറത്തുള്ള കുറ്റിക്കാട്ടിൽ, സൗജന്യയുടെ അർധനഗ്നമായ മൃതദേഹം കിട്ടി. കോളേജ് തിരിച്ചറിയൽ കാർഡിന്റെ ടാഗ് കഴുത്തിൽ മുറുകിക്കിടപ്പുണ്ടായിരുന്നു.
തലേ ദിവസം നല്ല മഴയായിരുന്നു. എന്നാൽ മകളുടെ ദേഹം കട്ടിൽ നിന്നും കണ്ടെത്തുമ്പോൾ ഒട്ടും നനഞ്ഞിരുന്നില്ല എന്ന് അമ്മ കുസുമവതി ഇപ്പോഴും ഓർക്കുന്നുണ്ട്. ഈ ക്രൂരമായ കൊലപാതകത്തിന്റെ അന്വേഷണം തുടക്കത്തിലേ വഴിതെറ്റിപ്പോയി. അതോടെ വലിയ പ്രക്ഷോഭം ഉയർന്നു. മഹിളാ അസോസിയേഷൻ കേന്ദ്ര നേതാക്കൾ ധർമസ്ഥലയിലെത്തി. സിപിഐ എം ധർമസ്ഥലയിലും മംഗളൂരുവിലും പ്രക്ഷോഭം നടത്തി. പ്രകാശ് കാരാട്ട് സൗജന്യയുടെ വീട്ടിലെത്തി വീടുകാരുടെയും ആക്ഷൻ കൗൺസിലിന്റെയും നിയമപോരാട്ടത്തിന് പിന്തുണ അറിയിച്ചു.
ഒടുവിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. സമീപത്തുള്ള കുറച്ച് ഓട്ടോ ഡ്രൈവറെയും മറ്റും ചോദ്യം ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല. തെളിവില്ലെന്നു കാണിച്ച് കേസ് ചുരുട്ടിക്കെട്ടി. ഇതോടെ സൗജന്യയുടെ വീട്ടുകാർക്ക് ധർമസ്ഥലയിൽ ഊരുവിലക്കും നേരിടേണ്ടിവന്നു.
ഓട്ടോറിക്ഷക്കാർ പാങ്ങളയിലേക്ക് പോകാതായി. തങ്ങളെ കാണാൻ വരുന്നവർക്ക് അറിയാൻ വേണ്ടി റോഡരികിൽ ‘സൗജന്യയുടെ വീട്ടിലേക്കുള്ള വഴി’ എന്ന ബോർഡ് വയ്ക്കേണ്ടി വന്നു ആ കുടുംബത്തിന്. 6 സ്ഥലത്ത് ഇപ്പോഴും ഈ ബോർഡ് കാണാൻ കഴിയും. ഇപ്പോൾ നടക്കുന്ന തെരച്ചിലിന്റെ ഒടുവിൽ പ്രതികൾ കുടുങ്ങുമെന്നും, സൗജന്യക്കും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.
ഈ കേസിൽ തെളിവുകൾ നശിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കോടതി വിധി വന്നിട്ടും ബിജെപി, കോൺഗ്രസ് സർക്കാരുകൾ തയ്യാറായില്ല. ഇപ്പോൾ കോൺഗ്രസ്സ് കർണ്ണാടക ഭരിക്കുമ്പോളും, കേന്ദ്രം ഭരിക്കുന്ന ബിജെപി ഈ കേസിൽ താൽപ്പര്യം കാണിക്കുന്നില്ല. കാരണം അവരുടെ എംപി ആയ വീരേന്ദ്ര ഹെഗ്ഡെയിലേക്കാണ് ഈ കേസ് അവസാനിക്കുന്നതെന്ന് ബിജെപിക്ക് അറിയാം. ഹെഗ്ഡെയും അയാളുടെ ഗുണ്ടകളും ചേർന്നുള്ള സമാന്തര സർക്കാരാണ് ധർമ്മസ്ഥല ഭരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ തെരച്ചിൽ റിപ്പോർട്ട് ചെയ്യാൻ എത്തിയ ഓൺലൈൻ മാധ്യമങ്ങളെയും ഇവർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.