അശ്വദ്ധാമാവ് പൂജ ചെയ്യാനെത്തുന്ന നിഗൂഢമായ കോട്ട; കൽക്കിയുടെ വരവോടെ ശാപമോക്ഷം??

ധാരാളം നിഗൂഢതകളും രഹസ്യങ്ങളും ഒക്കെ നിറഞ്ഞതാണ് നമ്മുടെ രാജ്യം. ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ പല തരം കഥകള്‍ കാണാന്‍ സാധിക്കും. ഇന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ ഉള്ള ചില സ്ഥലങ്ങളിൽ ഇത്തരം നിഗൂഢതകൾ നിലനിൽക്കുന്നുണ്ട്. അതിൽ പെടുന്ന ഒരു സ്ഥലമാണ് മധ്യപ്രദേശിയെ അസിര്‍ഗാഡ് കോട്ട.
പുരാണ കഥാപാത്രമായ അശ്വത്ഥാമാവ് ഇവിടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട് എന്നും ഒരു വിശ്വാസമുണ്ട്. മധ്യപ്രദേശിലെ ബര്ഹന്പൂര് പട്ടണത്തിലാണ് അസിര്‍ഗാഡ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇതിനോടു ചേര്‍ന്നാണ് സത്പുര പര്‍വ്വതനിരകളും സ്ഥിതി ചെയ്യുന്നത്. നര്‍മ്മദ, താപ്തി നദികളുടെ താഴ്വരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മലമ്പാതയും ഈ കോട്ടവഴി കടന്നു പോകുന്നുണ്ട്.

നാഗ് അശ്വിൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ കൽക്കി 2898 എഡി എന്ന സിനിമ കണ്ടവർക്ക് അറിയാം. മഹാഭാരതത്തിലെ അജയ്യനായ പോരാളിയായ, മരണമില്ലാത്ത യോദ്ധാവായ അശ്വത്ഥാമാവിനെ അവതരിപ്പിച്ചത് അമിതാഭ് ബച്ചൻ ആയിരുന്നു. എന്നാൽ ഈ സിനിമ ഹിറ്റായതോടെ അശ്വത്ഥാമാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുംഎല്ലാ ദിവസവും ശിവനെ ആരാധിക്കാറുണ്ടെന്നും പറയപ്പെടുന്ന നിഗൂഢമായ ഈ കോട്ടയെ പ്പറ്റിയുള്ള ചർച്ചയും സൈബർ ഇടങ്ങളിൽ നടന്നിരുന്നു.
ഈ കോട്ടയിൽ അതിപുരാതനമായ ഗുപ്തേശ്വര് മഹാദേവ ക്ഷേത്രം എന്ന പേരിൽ ഒരു ശിവക്ഷേത്രവുമുണ്ട്. അശ്വത്ഥാമാവ് എല്ലാ ദിവസവും അതിരാവിലെ ഈ കോട്ടയിൽ ശിവനെ ആരാധിക്കുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. എല്ലാ ദിവസവും രാവിലെ ക്ഷേത്രം തുറക്കുമ്പോൾ ഇവിടെ പുതിയ പൂക്കൾ കാണാറുണ്ടെന്നും ആളുകൾ പറയുന്നു. അതുകൊണ്ടാണ് ഈ കോട്ട നിഗൂഢമായിരിക്കുന്നത്.
മലമുകളിൽ പണിതിരിക്കുന്ന കോട്ടയിൽ കൊടും ചൂടിൽ പോലും വറ്റാത്ത ഒരു കുളം ഉണ്ട്. കുളത്തിൽ നിന്ന് അൽപം അകലെയാണ് ചുറ്റും കിടങ്ങുകൾ ഉള്ള ഗുപ്തേശ്വര് മഹാദേവ ക്ഷേത്രം. ആർക്കും എത്തിപ്പെടാൻ കഴിയാത്ത നിരവധി രഹസ്യപാതകൾ ഈ കിടങ്ങുകളിലുണ്ട് എന്നാണ് പറയുന്നത്. ഈ അതീവ രഹസ്യമായ വഴികളിലൂടെയാണ് അശ്വത്ഥാമാവ് ഇവിടെയെത്തുന്നത് എന്നാണ് ജനം വിശ്വസിക്കുന്നത്.
ഈ വലിയ കോട്ടയ്ക്കുള്ളിൽ ക്ഷേത്രം കൂടാതെ ഒരു ഗുരുദ്വാര, പള്ളി, എന്നിവയുമുണ്ട്.
പുരാണത്തിൽ പറയുന്നത് പിതാവായ ദ്രോണാചാര്യരുടെ മരണത്തിന് പ്രതികാരം ചെയ്യാൻ അശ്വത്ഥാമാവ് അഞ്ച് പാണ്ഡവ പുത്രന്മാരെയും കൊല്ലുകയും, അഭിമന്യുവിന്റെ മകൻ പരീക്ഷിത്തിനെ അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. അതോടെ ശ്രീകൃഷ്ണൻ അശ്വത്ഥാമാവിനെ ശപിച്ചു.
നെറ്റിയിലെ ചൂഢാമണി എടുക്കുകയും, മോക്ഷം കിട്ടാതെ അലഞ്ഞ് തിരിയുകയും ചെയ്യും എന്നതായിരുന്നു ശാപം. ഭേദമാവുകയാത്ത മുറിവും മറ്റ് രോഗങ്ങളും ബാധിക്കുമെന്നും ശാപത്തിൽ പറഞ്ഞിരുന്നു.
സമൂഹത്തിൽ നിന്ന് അകന്ന് പൂർണ്ണമായും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന അവസ്ഥയിലാണ് അശ്വഥാമാവ് എന്നാണ് വിശ്വാസം. ഈ ശാപം കലിയുഗത്തിന്റെ അവസാനം വരെ തുടരുമെന്നും, പിന്നീട് മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കി വരുമ്പോൾ, അശ്വത്ഥാമാവ് ശാപമോക്ഷം നേടുമെന്നും വിശ്വസിക്കപ്പെടുന്നു.
കഴിഞ്ഞ 5000 വർഷങ്ങളായി അശ്വത്ഥാമാവ് ഈ അസീർഗഡ് കോട്ടയ്ക്ക് ചുറ്റും കറങ്ങിനടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. രാത്രിയിൽ കോട്ടയ്ക്ക് ചുറ്റും അലഞ്ഞുനടക്കുന്ന അശ്വത്ഥാമാവ് നെറ്റിയിൽ നിന്ന് രക്തം ഒഴുകുന്നത് ഭേദമാക്കാൻ മഞ്ഞളും എണ്ണയും തേക്കുന്നതായും ചിലർ വിശ്വസിക്കുന്നു. രാത്രി ആ കോട്ടയിൽ തങ്ങിയാൽ അശ്വത്ഥാമാവിനെ കാണാമെന്നും അങ്ങിനെ കാണുന്നവരോട് നെറ്റിയിലെ രക്തം നിർത്താൻ അദ്ദേഹം മഞ്ഞളും എണ്ണയും ചോദിക്കും എന്നും വിശ്വസിക്കപ്പെടുന്നു. ഇന്നുവരെ, അങ്ങിനെ അദ്ദേഹത്തെ കണ്ട പലർക്കും മാനസിക വിഭ്രാന്തി ഉണ്ടാകുകയും, ഭ്രാന്ത് പിടിക്കുകയും ചെയ്തെന്നാണ് നാട്ടുകാരുടെ വിശ്വാസം.
ഏറ്റവും ശക്തനായ മുഗൾ ചക്രവർത്തി അക്ബറിനു പോലും ഈ കോട്ടയുടെ ശക്തി മനസ്സിലായിട്ടുണ്ട്. ആറ് മാസത്തെ യുദ്ധത്തിന് ശേഷം, ശക്തികൊണ്ട് കോട്ട കീഴടക്കുക സാധ്യമല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. പിന്നീട് അക്ബർ തന്ത്രം മാറ്റി. അദ്ദേഹം 5 ലക്ഷത്തിലധികം ആളുകളുമായി കുന്ന് വളഞ്ഞ് ഉപരോധിച്ചു. ഒരു വർഷത്തിനുള്ളിൽ, കോട്ടയ്ക്കുള്ളിലെ സാധനങ്ങൾ തീർന്നു, അതിനെ തുടർന്ന് കോട്ട കീഴടങ്ങി എന്നൊരു കഥയുമുണ്ട്.
ഈ കോട്ടയ്ക്കകത്ത് അസിർ മസ്ജിദ് എന്നറിയപ്പെടുന്ന മിനാരങ്ങളുള്ള ഫറോഖി കാലഘട്ടത്തിലെ ഒരു നശിപ്പിക്കപ്പെട്ട പള്ളിയുമുണ്ട്. മറ്റൊരു പുരാണ കഥ ഇവിടെ ഖാണ്ഡവ വനം ഉണ്ടായിരുന്നുവെന്നും, അത് അർജ്ജുനനും കൃഷ്ണനും കൂടെ കത്തിച്ച് ചാരമാക്കിയെന്നുമാണ്.