എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി, പ്രഖ്യാപനം ഉടൻ; സാധ്യത ആര്‍ക്ക്?

എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ഞായറാഴ്ച തീരുമാനിച്ചേക്കും. പാര്‍ട്ടിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ അന്തിമമാക്കുന്നതിനായി ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ. എന്‍ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആഗസ്റ്റ് 21 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും എന്നാണ് വിവരം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും ചേര്‍ന്ന് അന്തിമരൂപം നല്‍കുമെന്ന് വ്യാഴാഴ്ച പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന എന്‍ഡിഎ ഫ്ലോര്‍ ലീഡര്‍മാരുടെ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ, മിലിന്ദ് ദേവ്റ, പ്രഫുല്‍ പട്ടേല്‍, ചിരാഗ് പാസ്വാന്, ഉപേന്ദ്ര കുശ്വാഹ, രാം മോഹന്‍, ലല്ലന്‍ സിംഗ്, അപ്നാദള്‍ (എസ്) നേതാവ് അനുപ്രിയ പട്ടേല്‍, രാംദാസ് അത്താവലെ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ സെപ്റ്റംബര്‍ 9 നാണ് തിരഞ്ഞെടുക്കുന്നത്.