പോസ്റ്റ്മാർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ കത്തിച്ച് പോലീസ്; കൂടുതൽ അസ്ഥികൾ കണ്ടെത്തിയിട്ടും എങ്ങുമെത്താതെ പോകുന്ന അന്വേഷണം

കുഴിച്ചിട്ട ശരീരങ്ങൾക്കായി ധർമസ്ഥലയിൽ മണ്ണ് നീക്കിയുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിച്ചു. ഇനി മൂന്ന് സ്പോട്ടുകളിലാണ് പ്രധാനമായും പരിശോധന നടത്താനുള്ളത്. ഞായറാഴ്ച അവധി ദിനമായതിനാൽ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയിരുന്നില്ല. കൂട്ടത്തോടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്ന രീതിയിൽ കൂടുതൽ അസ്ഥികൂടങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനിടെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ എസ്ഐടി സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹം കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്തു എന്ന മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ കർണാടകയെ ആകെ ഞെട്ടിച്ച ഒന്നാണ്. 1998-നും 2014- നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ താൻ നിർബന്ധിതനായിരുന്നു എന്നാണ് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത്.
അവസാനം സംസ്കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയത്. ആരോപണവിധേയരെല്ലാം ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്.
എന്നാലിപ്പോൾ ധര്‍മസ്ഥല കേസില്‍ പോലീസിന്റെ ഭാഗത്തുള്ള വീഴ്ച തിരിച്ചടിയായി മാറുകയാണ്. 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചതായാണ് വിവരം. കാലഹരണപ്പെട്ട കേസ് രേഖകള്‍ നശിപ്പിക്കാമെന്ന നിയമം അനുസരിച്ച് 2023 നവംബര്‍ 23 നാണ് ഇത് നശിപ്പിച്ചതെന്നാണ് വിവരാവകാശ പ്രകാരം നല്കിയ ചോദ്യത്തിന് ലഭിച്ച മറുപടി.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ആരുടെതെന്ന് കണ്ടെത്താന്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിച്ചു എന്നാണ് ബെല്‍ത്തങ്ങാടി പോലീസ് അറിയിച്ചിരിക്കുന്നത്. ജസ്റ്റീസ് ഫോര്‍ സൗജന്യ ആക്ഷന്‍ കമ്മിറ്റിയിലെ അംഗമായ സാമൂഹ്യപ്രവര്‍ത്തകന്‍ ജയന്ത് ആണ് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്.
2002 മുതല്‍ 2012 വരെ 10 വര്‍ഷം ധര്‍മസ്ഥലയില്‍ റജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണങ്ങള് 485 ആണെന്ന് ജയന്തിനു മറുപടി ലഭിച്ചു. ഈ മരണങ്ങളുടെ എഫ്ഐആര്‍ നമ്പറും ഡെത്ത് സര്‍ട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകള്‍ നശിപ്പിച്ചു എന്ന മറുപടി കിട്ടിയത്.
ധര്‍മസ്ഥലയ്ക്ക് തൊട്ടടുത്തുള്ള ബെല്‍ത്തങ്കടി പൊലീസ് സ്റ്റേഷനില്‍ 15 വര്‍ഷത്തെ അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള രേഖകള്‍ നീക്കം ചെയ്തത് ഏറെ ദുരൂഹത ഉയര്‍ത്തുന്ന കാര്യമാണ്. ശുചീകരണത്തൊഴിലാളിക്ക് പുറമേ വിവരാവകാശപ്രവര്‍ത്തകനായ ജയന്തും പുതിയ പരാതിയുമായി അന്വേഷണ സംഘത്തെ സമീപിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിടുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. മൃതദേഹം കുഴിച്ചിടുമ്പോള്‍ ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു. ജയന്തിന്റെ പരാതിയില്‍ എസ്ഐടി എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് ഉടന്‍ അന്വേഷണം ആരംഭിക്കും. ജയന്ത് പറയുന്നിടത്ത് കുഴിച്ചുനോക്കി മൃതദേഹത്തിനായുള്ള തിരച്ചിലും നടത്തും.
ആ കാഴ്ച എനിക്ക് മറക്കാൻ കഴിയുന്നില്ല. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തിയാല്‍ ഇത് വെളിപ്പെടുത്തുമെന്ന് രണ്ടുവര്‍ഷം മുന്‍പേ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ആ സമയം വന്നു, അതുകൊണ്ട് ഞാന്‍ പരാതി നല്കി എന്നാണ് ജയന്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഈ ഡിജിറ്റല്‍ കാലത്ത് വിവരങ്ങളൊന്നും ഡിജിറ്റൈസ് ചെയ്യാതെ എങ്ങനെയാണ് രേഖകൾ നശിപ്പിക്കാൻ കഴിയുന്നതെന്നും ജയന്ത് ചോദിക്കുന്നു.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. ഇപ്പോൾ ഈ രേഖകൾ ഇല്ലാ എന്ന് പറയുന്നതിലൂടെ വ്യക്തമാകുന്നത് വീരേന്ദ്ര ഹെഗ്ഡെ എന്നയാളുടെ സ്വാധീനമാണ്. ധർമ്മസ്ഥാലയിലെ പലരും പരാതി പറയാനോ, സാക്ഷിമൊഴി നൽകാനോ പോകാത്തത് ഇവരെയൊക്കെ പേടിച്ചിട്ടാണ്. സർക്കാരിനേയോ നിയമത്തെയോ വകവെക്കാതെയാണ് ഹെഗ്ഡെയും കൂട്ടരും ധർമ്മസ്ഥല ഭരിക്കുന്നത്. അമ്പലത്തിലെ മുൻ ശുചീകരണ തൊഴിലാളി പറഞ്ഞ സ്ഥലത്തെല്ലാം കുഴിച്ചാലും ചിലപ്പോൾ ഒന്നും കിട്ടിയില്ലെന്ന് വരും. അയാളുടെ ജീവൻ നഷ്ടമാകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.