സിനിമയിലെ ”രക്ഷക” പരിവേഷം ജീവിതത്തിൽ തകർന്ന് വീണു; ആൾക്കൂട്ടങ്ങൾ വോട്ടായി മാറില്ലെന്ന് വിജയ് തിരിച്ചറിയണം

തമിഴ്നാട്ടിലെ കരൂരിൽ സിനിമ താരം വിജയുടെ ടി വി കെ പാർട്ടിയുടെ റാലിക്കിടെയുണ്ടായത് വലിയ ദുരന്തമാണ്. അപകടത്തിൽ 39 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാ തീതമായതാണ് അപകടത്തിന് കാരണമായത്. സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍ നിന്ന് കണക്കില്ലാത്ത വിധത്തിൽ ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെ വൻ ദുരന്തവുമുണ്ടായി. സംഭവത്തിൽ വിജയ്ക്കെതിരേ കേസെടുത്തേക്കും എന്നാണ് അറിയുന്നത്.
സിനിമയോടും സൂപ്പർ താരങ്ങളോടും ഏറ്റവും കൂടുതൽ ആരാധനയുള്ള ഒരു സ്ഥലം തമിഴ്നാട് തന്നെ ആയിരിക്കും. ഒരു സിനിമാതാരമായാല്‍ പണവും പ്രശസ്തിയും ആരാധകവൃന്ദവും നിഴല്‍പോലെ ഒപ്പമുണ്ടാകും. എന്നാൽ ഇവരുടെ സിനിമകള്‍ തുടര്‍ച്ചയായി പൊട്ടിയാല്‍ ആ താരപദവി വീഴും. ഇതേ ആരാധകര്‍ പുതിയ താരത്തിനു പിന്നാലെപ്പോകും.
രാഷ്ട്രീയത്തിലാണെങ്കിലും ഇതേപോലെയാണ് കാര്യങ്ങള്‍. ചില ഘട്ടങ്ങളില്‍ അണികളും പണവും പദവിയും ആവശ്യത്തിലേറെ വരും. പെട്ടെന്ന് ഒരു ദിവസം, ചെറിയ ഒരു സംഭവത്തിന്റെ പേരിൽ ഇതെല്ലം പോകുകയും ചെയ്യും. അണികളും സഖ്യകക്ഷികളും എല്ലാം പാർട്ടികളെ അല്ലെങ്കിൽ വേറെ മുന്നണിയെ തേടിപ്പോകും.
വിജയ്യുടെ തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി രണ്ടുവര്‍ഷം പൂര്‍ത്തിയായതേ ഉള്ളൂ. രാഷ്ട്രീയത്തിൽ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നത് വിജയ്ക്ക് ഇപ്പോളും കൃത്യമായി മനസിലാക്കാനും കഴിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ. ഇപ്പോൾ ഈ ദുരന്തത്തെ തുടർന്ന്
അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം എങ്ങനെ ആയിരിക്കുമെന്ന് പറയാന്‍ ആകില്ല.
എന്നാൽ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം വിജയ്ക്ക് ഒരു രാഷ്ട്രീയഭാവിയുണ്ടെന്നു സൂചന നൽകിയിരുന്നു. അദ്ദേഹം അതിലേക്ക് നടന്നു കയറുമ്പോളാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട വിജയെ കാണാനെത്തിയ സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമുള്‍പ്പെടെ തിക്കിലും തിരക്കിലുംപെട്ട് ജീവന് നഷ്ടമായത് ഇപ്പോൾ 39 പേര്‍ക്കാണ്. ഏറ്റുവാങ്ങി പൊട്ടിക്കരയുന്ന ബന്ധുക്കളുടെ ഹൃദയഭേദകമായ കാഴ്ചയാണ് കരൂരില്‍ നിന്നും കാണാനാകുന്നത്. പിഞ്ചുകുഞ്ഞുങ്ങളും ഗർഭിണികളും പ്രതിശ്രുത വരനും വധുവും ഈ മരിച്ചവരിലുണ്ട്.
ജീവന് നഷ്ടമായവരെ ഓര്‍ത്ത് അലറിക്കരയുന്ന ബന്ധുക്കൾക്കിടയിൽ ഉറക്കെ കരയാന്‍ പോലുമാകാതെ ഒരമ്മ കൂടിയുണ്ട്. ഒന്നര വയസുകാരന് ധ്രുവ് വിഷ്ണുവിന്റെ അമ്മ. അവർക്ക് കേള്‍വി ശക്തിയോ സംസാര ശേഷിയോ ഇല്ലാ. മകൻ ധ്രുവിനെ ഈ റാലിക്ക് കൊണ്ടുപോയത് അവരുടെ ബന്ധുവായിരുന്നു.
എന്തായാലും ഈ ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം വിജയിനാണ്. മണിക്കൂറുകളോളം കാത്ത് നിന്ന ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് എത്തിയത്. കടുത്ത ചൂടിലും തന്നെ റ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.
111 പേര് ഇപ്പോളും ചികിത്സയില്‍ തുടരുകയാണ്. 50 പേര് കരൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലും 61 പേര് സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കും.
സംഭവസ്ഥലത്ത് നിന്ന് തിറുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്ക് പോയ വിജയ്, ദുരന്തത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈകിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദുരന്തത്തെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ വിജയ് നഗരം വിട്ടതും വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
വിജയോ, അല്ലെങ്കിൽ സംഘടകരോ ഒട്ടും പ്രതീക്ഷിക്കാത്തതാണ് ഈ ദുരന്തം. എന്നാൽ വെള്ളക്കുപ്പികൾ എറിഞ്ഞ് കൊടുക്കുന്ന സിനിമ സ്റ്റൈൽ പ്രകടനം ഒഴിവാക്കിയെങ്കിലും ഈ ദുരന്തം ഒരു പക്ഷെ സംഭവിക്കില്ലായിരുന്നു. ആൾക്കൂട്ടം നേതാക്കളെ ആവേശഭരിതരാക്കും എന്നത് സത്യമാണ്. കമലഹാസൻ പറഞ്ഞ ഒരു കാര്യമാണ് ഇനി വിജയ് കൃത്യമായി ഓർക്കേണ്ടത് . ഈ കാണുന്ന ആൾക്കൂട്ടത്തെ മൊത്തം വോട്ടുകളായി കാണരുത് എന്നാണ് കമലഹാസൻ അദ്ദേഹത്തിന് നൽകിയ ഒരു ഉപദേശം.