ധർമ്മസ്ഥലയിലെ തെരച്ചിൽ ഇന്ന് അവസാന ഘട്ടത്തിലേക്ക്; ഇന്ത്യ – പാക് അതിർത്തിയിൽ ഉപയോഗിക്കുന്ന GPR ഉപയോഗിച്ച് വിശദമായ പരിശോധന നടത്തും

ധര്‍മ്മസ്ഥലയില്‍ ഏറ്റവും കൂടുതല്‍ മൃതദേഹം കുഴിച്ചിട്ടെന്ന് മുൻ ശുചീകരണ തൊഴിലാളിയായ സാക്ഷി വെളിപ്പെടുത്തിയ പതിമൂന്നാം നമ്പര്‍ പോയിന്റില്‍ നിലം പരിശോധിക്കുന്ന റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് നടക്കും. ഇതുവരെയുള്ള പരിശോധനകളില്‍ കാര്യമായ പുരോഗതി ലഭിക്കാത്തതിനാല്‍ ഇന്നത്തെ പരിശോധന ഏറെ നിര്‍ണായകമാണ്.
മൃതദേഹ ഭാഗങ്ങളോ അന്വേഷണ പുരോഗതിയില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളോ കിട്ടുന്ന പക്ഷം ഈ മേഖലയില്‍ കൂടുതൽ വിശദമായ പരിശോധനയിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കും.
ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ശുചീകരണത്തൊഴിലാളി പറയുന്ന 13-ാം സ്ഥലം പ്രത്യേക അന്വേഷണ സംഘം ഇന്നലെ, തിങ്കളാഴ്ച റഡാർ ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ചു. നേത്രാവതി സ്നാനഘട്ടിനടുത്തുള്ള സ്ഥലമാണിത്. ഇവിടെ മൃതദേഹങ്ങൾ മറവുചെയ്യുന്നത് കണ്ടതായി ആറ് പ്രദേശവാസികളും മൊഴിനൽകിയിരുന്നു.
നേത്രാവതി പുഴയിൽ നിർമിച്ച ചെറിയ അണക്കെട്ടിന് അരികിലാണ് ഈ സ്ഥലം. എന്നാൽ ഇവിടെ മാലിന്യങ്ങൾ തള്ളിയിരുന്നു. പിന്നീട് ഈ സ്ഥലം മണ്ണിട്ടുമൂടി ഉയർത്തിയതിനാൽ 20 അടിയെങ്കിലും കുഴിക്കേണ്ടതുണ്ട്. ഇത്ര ആഴത്തിൽ കുഴിച്ചാൽ അവിടെ പുഴവെള്ളം നിറയും. അണക്കെട്ടിനെയും ബാധിക്കും. അവിടെ രണ്ട് വലിയ വൈദ്യുതത്തൂണുകളുമുണ്ട്. അതിനാലാണ് റഡാർ ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ചത്.
നിലം പരിശോധിക്കുന്ന റഡാർ ഉപയോഗിച്ചാണ് ഇന്ന് പരിശോധിക്കുന്നത്. ഇതിൽ എന്തെങ്കിലും കണ്ടെത്തിയാൽ പ്രദേശം കുഴിച്ച് തന്നെ പരിശോധിക്കാനാണ് തീരുമാനം. തിങ്കളാഴ്ചത്തെ പരിശോധനയുടെ ഫലം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. വൈകിട്ട് മൂന്നോടെയായിരുന്നു പരിശോധന.
ഇവിടെ മാലിന്യങ്ങൾ ഇടുകയും പിന്നീട് മണ്ണിട്ട് ഉയർത്തുകയും ചെയ്തതിൽ നിന്നും, ഈ സ്പോട്ടിൽ എന്തോ ഉണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. വീരേന്ദ്ര ഹെഗ്ഡെയുടെ സ്വാധീനം മറികടന്നുള്ള തെരച്ചിലാണ് അവിടെ വേണ്ടത്. 20 അടി താഴ്ചയിൽ കുഴിയെടുത്ത് പരിശോധിക്കുക എന്നതും ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്.
ഇതിനിടെ തന്റെ സഹോദരി പദ്മലത ബലാത്സംഗംചെയ്ത് കൊല്ലപ്പെട്ട കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദ്രാവതി എന്ന സ്ത്രീ പ്രത്യേക സംഘത്തിന് പരാതി നൽകി. 1986 ഡിസംബർ 22-നാണ് ഉജിരെ എസ്ഡിഎം കോളേജ് വിദ്യാർഥിനിയായിരുന്ന പതിനെട്ട് വയസുള്ള പദ്മലതയെ കാണാതായത്. സിപിഎം പ്രവർത്തകനായ പിതാവ് കൊല്ലം സ്വദേശി ദേവാനന്ദ് ധർമസ്ഥല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എതിർകക്ഷികൾ പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും ദേവാനന്ദ് വഴങ്ങിയില്ല. തുടർന്നാണ് പദ്മലതയെ കാണാതായത്. 56 ദിവസത്തിനുശേഷം, 1987 ഫെബ്രുവരി 16-ന് കൈകാലുകൾ കാട്ടുവള്ളികൾകൊണ്ട് ബന്ധിച്ച് അഴുകിയ നിലയിലുള്ള പത്മലതയുടെ മൃതദേഹം നേത്രാവതി പുഴയിൽ കണ്ടെത്തുകയായിരുന്നു. കൈയിലെ വാച്ച് കണ്ടാണ് മൃതദേഹം കുടുംബം തിരിച്ചറിഞ്ഞത്. സിഐഡി വിഭാഗം കേസിൽ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനാകാതെ വന്നതോടെ ഫയൽ ക്ലോസ് ചെയ്തു.
ഇന്നലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബെൽത്തങ്കടിയിലെ എസ് ഐ ടി ഓഫീസ് സന്ദർശിച്ച് വിശദാംശങ്ങൾ തേടി. ധർമസ്ഥല ക്ഷേത്രത്തിന് സമീപത്തെ ഗൊമ്മലബെട്ടയിലും സംഘം സന്ദർശനം നടത്തി.
ഇന്നത്തെ തിരച്ചിലും കാര്യമായ ഫലങ്ങൾ കണ്ടെത്താതെ അവസാനിക്കുകയാണെങ്കിൽ, വിവാദമായ ഈ കൂട്ടക്കൊല കേസും അതോടെ അവസാനിക്കും. മാധ്യമങ്ങളെ പരമാവധി ഒഴിവാക്കിയും, തെരച്ചിലിൽ വിവരങ്ങൾ വെളിപ്പെടുത്താതെയുമാണ് അന്വേഷണം നടക്കുന്നത്. പ്രാദേശിക ചാനലുകൾ വഴിയാണ് പലപ്പോളും ചില വിവരങ്ങൾ പുറംലോകം അറിയുന്നത്. ഇത്രയും വർഷങ്ങളിലായി, നൂറുകണക്കിന് സ്ത്രീകളെ കുഴിച്ച് മൂടിയവർ, ഈ കേസും കുഴിച്ച് മൂടും എന്നാണ് നാട്ടുകാർ പറയുന്നതും.