തെരുവുനായ്ക്കൾ കൂട്ടത്തോടെ പാഞ്ഞുവന്നു, നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു; 4 വയസുകാരിക്ക് ദാരുണാന്ത്യം

തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്കില്‍നിന്നുവീണ് നാലുവയസ്സുകാരി മരിച്ചു. തിരുവണ്ണാമലൈയ്ക്കടുത്തുള്ള ആറണിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മുള്ളിപ്പട്ട് കാമരാജ്നഗര്‍ സ്വദേശി കാര്‍ത്തിയുടെയും തമിഴ്സെല്‍വിയുടെയും മകള്‍ അനാമികയാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാര്‍ത്തിയെയും തമിഴ്സെല്‍വിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖബാധിതയായ അനാമികയെയും കൊണ്ട് കാര്‍ത്തിയും തമിഴ്സെല്‍വിയും ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്കിനുനേരേ ഒരുകൂട്ടം തെരുവുനായകള്‍ കുരച്ചുകൊണ്ട് ഓടിയെത്തുകയായിരുന്നു. ഇതിനിടെ, നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. തെറിച്ചുവീണ് പരുക്കേറ്റ അനാമികയെ ആറണി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.