ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയ തീവ്രവാദി ഉമർ നബിയുടെ വീട് തകർത്തു: ഇന്ന് പുലർച്ചെ സുരക്ഷാ സേനയാണ് പുൽവാമയിലെ വീട് തകർത്തത്
ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തിൽ നടപടികൾ കൂടുതൽ കടുപ്പിക്കുകയാണ് സുരക്ഷാ സേന. സ്ഫോടനത്തിൽ ചാവേറായ ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉമർ നബിയുടെ പുൽവാമയിലെ വീടാണ് സുരക്ഷാ സേന സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തത്.
വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചയുമായാണ് വീട് തകർത്തത്. ഉമറും മറ്റ് മൂന്ന് പേരും ജയ്ഷെ മുഹമ്മദ്, അൻസർ ഗസ്വാത്-ഉൽ-ഹിന്ദ് എന്നീ സംഘടനകളുമായി ബന്ധമുള്ളവരാണ്. ഇവർ 2022 ൽ തുർക്കിയിലെ അങ്കാറയിൽ താമസിച്ചിരുന്നു. തുടക്കത്തിൽ ടെലിഗ്രാം വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്. പിന്നീട് സിഗ്നൽ, സെഷൻ പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകളിലേക്ക് ഇവർ മാറുകയായിരുന്നു.
ചെങ്കോട്ടയില്‍ സ്ഫോടനമുണ്ടായ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ നടപടി. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. ഉമറാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ഡിഎൻഎ സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഡോ. ഉമർ നബിയുടെ പേരിലുള്ള മറ്റൊരു കാർ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കാർ ബോംബ് സ്ഫോടനക്കേസിൽ ഉമറിൻ്റെ പങ്ക് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഈ സംഘം രാജ്യത്തെ വിവിധ നഗരങ്ങളിൽ വലിയ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നു. ഇതിനായി വാഹനങ്ങളിൽ ഘടിപ്പിക്കുന്ന സ്ഫോടക വസ്തുക്കളും ആയുധങ്ങളും ഉപയോഗിക്കാൻ അവർ തീരുമാനിച്ചിരുന്നു. ഇതിനായി മൂന്ന് കാറുകൾ സംഘടിപ്പിച്ചു. ഒരു ഹ്യുണ്ടായ് i20, ചുവപ്പ് നിറത്തിലുള്ള ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി ബ്രെസ്സ എന്നിവയായിരുന്നു ആ വാഹനങ്ങൾ.
റെഡ് ഫോർട്ടിന് സമീപം സ്ഫോടനം നടത്തിയത് ഉമറിൻ്റെ i20 കാർ ആണ്. ഫോർഡ് ഇക്കോസ്പോർട്ട് കാര്‍ ഫരീദാബാദിൽ നിന്ന് കണ്ടെടുത്തു. ഇപ്പോൾ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്നും വെള്ളി നിറത്തിലുള്ള ബ്രെസ്സ കാര്‍ കണ്ടെത്തിയിട്ടുണ്ട്.
വാഹനം കണ്ടെടുത്തതിനെത്തുടര്‍ന്ന് സ്ഫോടകവസ്തുക്കള്‍ക്കായി പരിശോധിക്കാന്‍ ബോംബ് സ്ക്വാഡിനെ വിന്യസിച്ചു. ഹരിയാന പോലീസിലെ ബോംബ് നിര്‍വീര്യമാക്കുന്ന സംഘം ഇപ്പോൾ കാമ്പസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറായ ഡോ. മുസമ്മിൽ, ഉമറിൻ്റെ അടുത്ത ആളാണ്. ഇയാൾ റെഡ് ഫോർട്ടിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ രഹസ്യമായി അവിടെയെത്തിയിരുന്നു.
2026ലെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചോ അല്ലെങ്കിൽ നവംബർ 25ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങിനോട് അനുബന്ധിച്ചോ ആക്രമണം നടത്താൻ ആണ് പദ്ധതി ഇട്ടിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഫരീദാബാദിൽ നിന്ന് ഇതിനോടകം 350 കിലോഗ്രാമിലധികം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ അമോണിയം നൈട്രേറ്റ്, ആർഡിഎക്സിൻ്റെ അംശങ്ങൾ എന്നിവയും ഉൾപ്പെടുന്നു. വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ ഡിജിറ്റൽ, സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സുരക്ഷാ ഏജൻസികൾ. ഈ ശൃംഖലയുടെ പൂർണ്ണമായ വ്യാപ്തി മനസ്സിലാക്കുകയാണ് അവരുടെ ലക്ഷ്യം.
ദില്ലിയില്‍ സ്ഫോടനത്തിന്, 2022 മുതൽ ആസൂത്രണം ആരംഭിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തിങ്കളാഴ്ചയായിരുന്നു ചെങ്കോട്ടയിൽ സ്ഫോടനം നടന്നത്. 13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നും ഭീകരർക്ക് എതിരെ കടുത്ത നടപടികളാണ് സുരക്ഷാ സേന കൈക്കൊണ്ടത്. ജമ്മു കശ്മീരിൽ തദ്ദേശീയരായ 10 ഭീകരരുടെ വീടുകൾ സുരക്ഷാ സേന അന്ന് തകർത്തിരുന്നു. ലഷ്കർ ഇ തൊയ്ബ ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, സക്കീർ അഹമ്മദ് ഗനായ്, അമീർ അഹമ്മദ് ദാർ, ആസിഫ് ഷെയ്ഖ്, ഷാഹിദ് അഹമ്മദ് കുട്ടേ, അഹ്സൻ ഉൾ ഹഖ് അമീർ, ജെയ്ഷെ മുഹമ്മദ് ഭീകരരായ അമീർ നസീർ വാനി, ജമീൽ അഹമ്മദ് ഷെർ ഗോജ്രി, ദ റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരരായ അദ്നാൻ സഫി ദാർ, ഫാറൂഖ് അഹമ്മദ് തെഡ്വ എന്നിവരുടെ വീടുകളാണ് സുരക്ഷാ സേന അന്ന് തകർത്തത്.
ജമ്മു കശ്മീരിലെ ഭീകരരുടെ ആവാസവ്യവസ്ഥ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നടപടിയെന്ന് ജമ്മു കശ്മീർ പോലീസ് വക്താവ് പറയുകയും ചെയ്തിരുന്നു.













