ധർമ്മസ്ഥലയിലെ സാക്ഷിയെ കാണാനില്ലെന്ന് അഭ്യൂഹങ്ങൾ; ഇനിയുള്ള അന്വേഷണം നിർണായകമായത് കൊണ്ട് ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുമെന്ന് ആശങ്ക

ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. എന്നാൽ കേസിലെ സാക്ഷിയായ മുൻ ശുചീകരണ തൊഴിലാളി ഇന്നലെ എസ്ഐടി ഓഫീസിൽ എത്തിയില്ല എന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ ദിവസം ധർമ്മസ്ഥലയിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് സാക്ഷിയെ കൊണ്ടുവരാത്തത് എന്നും, നിലവിൽ അഭിഭാഷകർക്കൊപ്പം രഹസ്യ കേന്ദ്രത്തിൽ ആണ് സാക്ഷി ഉള്ളതെന്നുമാണ് ലഭിക്കുന്ന വിവരം.
അതേസമയം ഈ സാക്ഷിയെ എസ്ഐടി കസ്റ്റഡിയിൽ എടുക്കണം എന്ന് അപേക്ഷയും ലഭിച്ചിരുന്നു. ബെൽത്തങ്കടി സ്വദേശിയാണ് ഇത് സംബന്ധിച്ച് എസ്ഐടിക്ക് അപേക്ഷ നൽകിയത്. സ്വകാര്യ വ്യക്തികൾക്ക് ഒപ്പം സാക്ഷിയെ വിടുന്നത് സുരക്ഷിതമല്ല എന്നാണ് അദ്ദേഹം അപേക്ഷയിൽ പറയുന്നത്.
ധർമ്മസ്ഥലയില് ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനം കഴിഞ്ഞ ദിവസം ഒരു സംഘം തകർത്തിരുന്നു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം തകർത്തത്. കൂടാതെ നാല് മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു.
ബിഗ് ബോസ് കന്നഡയിലെ മത്സരാർത്ഥിയായ രജത്തിനെ അഭിമുഖം ചെയ്യുന്നതിനിടെ അജയ് അഞ്ചൻ, അഭിഷേക്, വിജയ്, ഒരു ക്യാമറാമാൻ എന്നീ യൂട്യൂബർമാരെ പങ്കൽ ക്രോസിന് സമീപം 60 ഓളം പേർ ചേർന്നാണ് ആക്രമിച്ചത്. ക്യാമറ ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.. മർദ്ദനമേറ്റതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. 2012-ൽ ബലാത്സംഗത്തിന് ഇരയായി മരിച്ച സൗജന്യയുടെ വസതിക്ക് സമീപമാണ് ആക്രമണം നടന്നത്.
ധർമ്മസ്ഥല പോലീസ് സ്റ്റേഷനും പ്രാദേശിക ആശുപത്രിക്കും മുന്നിൽ നാട്ടുകാരും യൂട്യൂബർമാരുടെ പിന്തുണക്കാരും തടിച്ചുകൂടിയതോടെ സ്ഥിതി കൂടുതൽ വഷളായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് നേരിയ തോതിൽ ലാത്തി ചാർജ് പ്രയോഗിക്കേണ്ടി വന്നു. ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇരു വിഭാഗങ്ങളും രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും ദക്ഷിണ കന്നഡ എസ്പി അരുൺ കെ അറിയിച്ചു.
അതേസമയം, യൂട്യൂബ് ചാനലുകാർക്ക് നേരെയുണ്ടായ ആക്രമണത്തെ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് അപലപിച്ചു, സൗജന്യയ്ക്ക് നീതി തേടുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെ അദ്ദേഹം ചോദ്യം ചെയ്യുകയും അധികാരികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. “നീതി ആവശ്യപ്പെടുന്ന ശബ്ദങ്ങൾ അടിച്ചമർത്തരുത്,” എന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള തെരച്ചിലിൽ നിർണ്ണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസം ഗുണ്ടാസംഘം ആക്രമണം അഴിച്ച് വിട്ടത്. പതിമൂന്നാം സ്പോട്ടിലും , അതിനപ്പുറത്തെ കാട്ടിലേക്കുമുള്ള അന്വേഷണം എന്ത് വില കൊടുത്തും തടയുക എന്നതാണ് അവരുടെ ലക്ഷ്യം.