കുഞ്ഞുങ്ങളെ തെരുവ്നായകളിൽ നിന്നും രക്ഷിക്കാനായി ജയിൽ പോകാനും തയ്യാർ; 2800 പട്ടികളെ കൊന്നു കുഴിച്ച് മൂടിയെന്ന് കർണാടക എംഎൽഎ ഭോജഗൗഡ

തെരുവ് നായ വിഷയത്തിൽ രാഷ്ട്രീയ നേതാക്കൾക്ക് ഒരു മാതൃക കാണിക്കുകയാണ് കർണാടക എംഎൽഎ ഭോജ ഗൗഡ. ഒന്നും രണ്ടുമല്ല, രണ്ടായിരത്തി എണ്ണൂറ് നായകളെ ആണ്, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി താൻ കൊന്നതെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. ജനതാദൾ സെക്കുലര്‍ പാര്‍ട്ടിയുടെ എംഎൽഎ ആണിദ്ദേഹം.
തെരുവ് നായ്ക്കൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കർണാടകയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് മൃഗങ്ങളോട് ഉത്കണ്ഠയുണ്ട്, പക്ഷേ ഇവിടുത്തെ മൃഗസ്നേഹികൾ മറ്റൊരു ഭീഷണിയാണെന്നും ഭോജഗൗഡ നിയമസഭയില്‍ പറഞ്ഞു. ദിവസവും കൊച്ചുകുട്ടികളുടെ കഷ്ടപ്പാടുകൾ കാണുന്നു. ഇതിനെക്കുറിച്ച് ദിവസവും പത്രങ്ങളിലും ടിവിയിലും വായിക്കുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നുമുണ്ട്.
ചിക്മഗളൂരുവിലെ മുനിസിപ്പൽ ബോഡിയുടെ തലവനായപ്പോഴാണ് നായ്ക്കളെ കൂട്ടമായി കൊലപ്പെടുത്തിയതെന്ന് അദ്ദേഹം സമ്മതിച്ചു. മാംസത്തിൽ വിഷം കലർത്തി ഏകദേശം 2800 നായ്ക്കളെ കൊലപ്പെടുത്തി തെങ്ങിന്റെ ചുവട്ടിലും കാപ്പിത്തോട്ടത്തിലും കുഴിച്ചിട്ടു. നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്കായി ജയിലിൽ പോകണമെങ്കിൽ, അതിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വിഷം കലർന്ന മാംസം നൽകിയ ശേഷമാണ് ഈ പട്ടികളെയെല്ലാം കൊന്നത്. പ്രകൃതിദത്ത വളമായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
ദില്ലിയില്‍ നിന്നും എൻസിആറിൽ നിന്നും മുഴുവന്‍ തെരുവ് നായ്ക്കളെയും നീക്കം ചെയ്ത് ഷെൽട്ടറുകളിൽ പാർപ്പിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ബെംഗളൂരുവിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് കർണാടക നിയമസഭയിലും ഈ വിഷയം ചര്‍ച്ചയായി. ബെംഗളൂരുവിലെ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയിലെ എംഎസ്സി വിദ്യാർത്ഥികളായ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.
കഴിഞ്ഞ മാസം കർണാടകയിലെ കൊഡിഗെഹള്ളിയിൽ വീടിന് പുറത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 70 വയസ്സുള്ള ഒരാൾ മരിചിരുന്നു.
ബുധനാഴ്ച നിയമസഭയില്‍ സംസാരിക്കുമ്പോളാണ് ഭോജേ ഗൗഡയുടെ ഈ വിവാദപരാമര്‍ശം ഉണ്ടായത്. ഭോജേഗൗഡയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പൊതുജനങ്ങളുടെ ഇടയില്‍നിന്നും മൃഗാവകാശ പ്രവര്‍ത്തകരില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്.
കര്‍ണാടക സ്റ്റേറ്റ് സര്‍വൈലന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2025 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ യുള്ള ഈ ഏഴ് മാസക്കാലത്ത്, നായയുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് 2.86 ലക്ഷംകേസുകളും, പേവിഷബാധ സംശയിക്കുന്ന 26 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം നാലിനും 10-നും ഇടയില്‍ മാത്രം നായയുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് 5,652 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
7 മാസത്തിനുള്ളിൽ രണ്ടേ മുക്കാൽ ലക്ഷം ആളുകളെയാണ് കർണ്ണാടകയിൽ പട്ടി കടിച്ചിരിക്കുന്നത്. എംഎൽഎ ചെയ്തതിനെ കര്ണ്ണാടകക്കാർ എങ്ങനെയാണ് കുറ്റം പറയുന്നത്?? കപട മൃഗ സ്നേഹികളും, വാക്സീൻ കമ്പനികളുടെ പണം പറ്റുന്നവരും മാത്രമാണ് അദ്ദേഹത്തിനെ കുറ്റപ്പെടുത്തുന്നത്.
നമ്മുടെ മൂന്നാർ പഞ്ചായത്തിനെതിരെയും നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാരോപിച്ച് കേസ് എടുത്തിരുന്നു. ഇടുക്കി ആനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിലാണ് നടപടി. നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്ന ഡ്രൈവർക്കെതിരെയാണ് കേസ്. നായ്ക്കളെ കൂട്ടത്തോടെ പിടികൂടി നല്ലതണ്ണി കല്ലാറിലെ മാലിന്യപ്ലാന്റിലെത്തിച്ച് കുഴിച്ചുമൂടിയെന്നാണ് പരാതി.
ഓരോ വർഷവും പട്ടികടിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. തെരുവ്പട്ടികളുടെ കടി നിൽക്കുന്നവരുടെ എണ്ണം കൂടുന്നു. അതേപോലെ കൂടി വരുന്ന ഒന്നാണ് കപട മൃഗസ്നേഹികളുടെ എണ്ണവും. ഷെൽട്ടർ ഒരുക്കി, സോഷ്യൽ മീഡിയയിലൂടെ പണപ്പിരിവ് നടത്തുകയാണ് പലരും ചെയ്യുന്നത്. വരുമാനം കുറഞ്ഞാൽ ഇതേ പട്ടികളെ പിന്നീട് തെരുവിലും കാണാൻ കഴിയും.