ഇന്ന് ദേശീയ യുവജന ദിനം: യുവാക്കള്‍ക്ക് എക്കാലവും പ്രചോദനമായ് സ്വാമി വിവേകാനന്ദൻ

തത്ത്വചിന്തകനും ആത്മീയ നേതാവുമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്.
1863 ജനുവരി 12ന് കൊല്‍ക്കത്തയിലെ ഒരു സമ്ബന്ന ബംഗാളി കുടുംബത്തില്‍ വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും എട്ട് മക്കളില്‍ ഒരുവനായാണ് വിവേകാനന്ദൻ ജനിച്ചത്.
വേദാന്തങ്ങളും യോഗയും ഇന്ത്യൻ തത്ത്വചിന്തകളും പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഇന്ത്യയിലെ യുവാക്കള്‍ എങ്ങനെ കഠിനാധ്വാനം ചെയ്യണമെന്നും രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ സംഭാവന നല്‍കണമെന്നുമുള്ള അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഈ ദേശീയ യുവജനദിനത്തില്‍ അനുസ്മരിക്കുന്നത്.
1984ലാണ് സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി ആഘോഷിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നു മുതല്‍, സ്വാമി വിവേകാനന്ദന്റെ ജീവിതരീതി, ചിന്തകള്‍ എന്നിവ യുവാക്കള്‍ക്ക് പ്രചോദനമാകുന്നതിന് വേണ്ടി എല്ലാ വര്‍ഷവും ഈ ദിനം ആഘോഷിക്കുന്നു.
ഇത്തവണ ദേശീയ യുവജന ദിനം യുവജനകാര്യ വകുപ്പിന് കീഴില്‍ വിവിധ ജില്ലകളില്‍ ആഘോഷിക്കുന്നുണ്ട്. കൂടാതെ പ്രധാന നഗരങ്ങളില്‍ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികളും ഇന്ന് നടത്തും.