ഉദ്ധവ് ഠാക്കറെ രാജിവെച്ചു; അധികാരത്തിലേറിയതും ഇറങ്ങുന്നതും അപ്രതീക്ഷിതമായെന്ന് ഉദ്ധവ്
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെ രാജിവെച്ചു. മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം നിയമസഭാംഗത്വവും രാജിവെയ്ക്കുകയാണെന്ന് ഉദ്ധവ് ഠാക്കറെ ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചു. വിശ്വാസവോട്ടെടുപ്പ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിനെത്തുടർന്നാണ് രാജി.
താൻ അധികാരത്തിലേറിയതും അധികാരമൊഴിയുന്നതും അപ്രതീക്ഷിതമായാണെന്ന് ഉദ്ധവ് ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. താൻ എങ്ങും പോകുന്നില്ല, ഇവിടെത്തന്നെയുണ്ടാകും. ഒരിക്കൽക്കൂടി താൻ ശിവസേന ഭവനിൽ ഇരിക്കും. തൻ്റെ അനുയായികളെ താൻ ഒരുമിപ്പിക്കുമെന്നും ഉദ്ധവ് പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസവോടെടുപ്പ് ഗവർണർ നിർദ്ദേശിച്ചതുപോലെ വ്യാഴാഴ്ച നടത്തണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു നല്കിയ ഹര്‍ജി പരിഗണിച്ചത്. മൂന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് സുപ്രീം കോടതിയിയുടെ നിർണായക വിധി.
മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിങ്വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന് നീരജ് കിഷന് കൗള്‍ വിമതശിവസേന നേതാവ് ഏക്നാഥ് ഷിന്ദേയ്ക്കും വേണ്ടി ഹാജരായി.