രാജ്യത്ത് ഒരു വാടക സർക്കാർ മതിയെന്ന് പറയുമോ? പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും വേണ്ടി ടെൻഡർ ഇറക്കുമോ? അഗ്നിപഥിൽ പരിഹാസവുമായി ഉദ്ധവ് ഠാക്കറെ
അഗ്നിപഥ് പദ്ധതിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇനി രാജ്യത്ത് ഒരു വാടക സര്‍ക്കാര്‍ മതിയെന്ന് നാളെ നിങ്ങള്‍ പറഞ്ഞേക്കുമെന്നും പ്രധാനമന്ത്രിക്കായും മുഖ്യമന്ത്രിക്കായും ടെന്‍ഡര്‍ നോട്ടീസ് ഇറക്കുമോയെന്നും ഠാക്കറെ ചോദിച്ചു. ശിവസേനയുടെ 56-ആം വാർഷികത്തോടനുബന്ധിച്ചുള്ള നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഠാക്കറെ.
“നാളെ നിങ്ങൾക്ക് ഒരു സർക്കാരിനെ വാടകയ്ക്കെടുക്കണമെന്ന് തോന്നുകയും നിങ്ങൾ അതിനായി ടെൻഡർ ഇറക്കുകയും ചെയ്യും. പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിക്കും വേണ്ടിയും നിങ്ങൾ ടെൻഡർ ഇറക്കുമോ? ഇങ്ങനെയാണ് നിങ്ങൾ കാര്യങ്ങൾ നടത്താനുദ്ദേശിക്കുന്നതെങ്കിൽ ഈ ആശയം എല്ലാത്തിലും നടപ്പാക്കൂ. നിയമിക്കുക, പിരിച്ചു വിടുക. ഉപയോഗിക്കുക വലിച്ചെറിയുക,” ഠാക്കറെ പറഞ്ഞു.
ചെറുപ്പക്കാരെ തെരുവിലിറക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? നാല് വര്‍ഷത്തിന് ശേഷം എന്ത് ജോലിയാണ് നിങ്ങള്‍ക്കവര്‍ക്ക് നല്കാന് കഴിയുകയെന്നും താക്കറെ ചോദിച്ചു. വലിയ പേരില്‍ പദ്ധതികള്‍ കൊണ്ടുവരികയും വാക്ക് പാലിക്കാതിരിക്കുകയും ചെയ്യുകയാണ്. വര്‍ഷത്തില്‍ രണ്ടുകോടി ജോലി നല്‍കുമെന്ന് പറഞ്ഞു. ഒന്നുമുണ്ടായില്ലെന്നും ഠാക്കറെ ആരോപിച്ചു.