‘യോഗി സർക്കാരിന് കീഴിൽ യു.പിയില്‍ ഓരോ ദിവസവും 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നു’; BJP എം.എൽ.എ
യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ ഉത്തർപ്രദേശിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന് ലോണിയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംഎൽഎ ആയ നന്ദ് കിഷോർ ഗുജാർ.
നമ്മുടെ സർക്കാരിന് കീഴിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥർ പശുക്കളുടെ ക്ഷേമത്തിനുള്ള പണം തിന്നുകയാണ്. ഇതിനർത്ഥം എല്ലായിടത്തും കൊള്ളയുണ്ടെന്നാണ് ഗുജാർ ഗാസിയാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഷയം മുഖ്യമന്ത്രിയിൽ എത്തണം, ഇവരുടെ തലവൻ ചീഫ് സെക്രട്ടറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎമാരുടെ ആശങ്കകൾ അവഗണിക്കപ്പെടുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അറിവോടെയാണോ ഇത് സംഭവിക്കുന്നതെന്ന് ഗുജാർ ചോദിച്ചു. ലോണിയിലെ രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ പണം തട്ടിയെടുക്കുന്നത് പിടിക്കപ്പെടുന്നതായി കാണിക്കുന്ന ഒരു വിഡിയോയും അദ്ദേഹം പരാമർശിച്ചു. അഴിമതിക്കാരായ ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്താൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 375 സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.