യുപിയിലെ ബുൾഡോസർ രാജ്; പ്രയാഗ് രാജിൽ സാമൂഹ്യപ്രവർത്തകൻ ജാവേദ് മുഹമ്മദിൻ്റെ വീട് തകർത്ത് യുപി സർക്കാർ
പ്രവാചകനിന്ദയ്ക്കെതിരായി പ്രതിഷേധം നയിച്ചവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഉത്തർ പ്രദേശ് സർക്കാർ. പ്രയാഗ് രാജിലെ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിൻ്റെ വീടാണ് പ്രയാഗ് രാജ് ഡെവലപ്മെൻ്റ് അഥോറിറ്റി പൊളിച്ച് നീക്കിയത്. അനധികൃത നിർമാണമാണെന്നാരോപിച്ച് നോട്ടീസ് നൽകിയ ശേഷമായിരുന്നു നടപടി. സഹാറൻപൂരിൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത മുസമ്മിൽ, അബ്ദുൾ വാഖിർ എന്നിവരുടെ വീടുകൾ അനധികൃത നിർമാണമെന്നാരോപിച്ച് ഇന്നലെ സഹാറൻപൂർ മുനിസിപ്പാലിറ്റി തകർത്തിരുന്നു.
പ്രയാഗ് രാജിലെ അതാലയിൽ നടന്ന പ്രക്ഷോഭവും കല്ലേറുമായി ബന്ധപ്പെട്ട് ജാവേദ് മുഹമ്മദിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു പ്രക്ഷോഭവും കല്ലേറും ഉണ്ടായത്. ഇതിൻ്റെ മുഖ്യസൂത്രധാരൻ ജാവേദ് മുഹമ്മദ് ആണെന്നാണ് പൊലീസ് ആരോപിക്കുന്നത്. പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നതിനായി തൻ്റെ മകളും ജെഎൻയു വിദ്യാർത്ഥി യൂണിയനിൽ അംഗവുമായ ആഫ്രീൻ ഫാത്തിമയുമായി ജാവേദ് ചർച്ച നടത്തിയിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നു.
ജാവേദിൻ്റെ അറസ്റ്റിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ ഭാര്യ പർവീൺ ഫാത്തിമയെയും ഇളയമകൾ സൊമയ്യ ഫാത്തിമയെയും അർദ്ധരാത്രിയിൽ പൊലീസ് പിടിച്ചുകൊണ്ടുപോകുകയും സിവിൽ ലൈൻസ് വനിതാ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വെയ്ക്കുകയും ചെയ്തിരുന്നു. 19 വയസുമാത്രം പ്രായമുള്ള തൻ്റെ അനുജത്തിയെയും പ്രമേഹരോഗിയായ അമ്മയെയും പൊലീസ് അനധികൃതമായി കസ്റ്റഡിയിൽ വെയ്ക്കുകയാണെന്ന് ആഫ്രീൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു.
ഞായറാഴ്ച രാവിലെ പ്രയാഗ് രാജ് ഡെവെലപ്മെൻ്റ് അഥോറിറ്റി ജാവേദിൻ്റെ കുടുംബത്തോട് അവരുടെ വീടൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു. മേയ് 10ന് ജാവേദിന് നോട്ടീസ് നൽകിയിരുന്നെന്നും മേയ് 24ന് മുൻപ് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെന്നും അധികൃതർ അവകാശപ്പെടുന്നു. എന്നാൽ അത്തരത്തിൽ ഒരു നോട്ടീസ് തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്.
കേസിൽ പ്രതിയാകുന്നവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന പ്രവണത ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർദ്ധിച്ചു വരികയാണ്. മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ സമാന സംഭവങ്ങൾ ഉണ്ടായിരുന്നു.