പശ്ചിമബംഗാളിൽ മന്ത്രിസഭാ പുനഃസംഘടന; പുതിയതായി ഒൻപത് മന്ത്രിമാർ
അധ്യാപക നിയമന അഴിമതിക്കേസില്‍ മുന്‍മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിലായതിന് പിന്നാലെ പശ്ചിമബംഗാളിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മമത ബാനര്‍ജി. പുതിയതായി ഒന്‍പത് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ബാബുല്‍ സുപ്രിയോ, സ്നേഹാഷിസ് ചക്രവര്‍ത്തി, പാര്‍ത്ഥ ഭൗമിക്, ഉദയന്‍ ഗുഹ, പ്രദീപ് മജുംദാര്‍ എന്നിവർ ക്യാബിനറ്റ് മന്ത്രിമാരായും ബിപ്ലബ് റോയ് ചൗധരി സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായും തജ്മുല്‍ ഹൊസ്സൈന്, സത്യജിത് ബര്മന് എന്നിവര്‍ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വനംവകുപ്പ് സഹമന്ത്രി ആയിരുന്ന ബിര്‍ബഹ ഹസ്ദ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി.
തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണിത്. 2011-ല്‍ പാര്‍ട്ടി ബംഗാളില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ മന്ത്രിസഭാ പുനഃസംഘടനയുമാണിത്. പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയേറ്റിൽ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചത്. പാർട്ടി പദവികൾ കൂടി പാർഥ രാജിവെച്ചതോടെ പുതിയ അംഗങ്ങളെ മമത ബാനർജി തന്നെ നിർദേശിക്കുകയായിരുന്നു.
Content Highlights: West Bengal Cabinet reshuffle announces Mamatha Banerjee