വീരേന്ദ്ര ഹെഗ്ഡെ എന്ന വൻമരം വീഴുമോ?? ധർമ്മസ്ഥലയിൽ ആറാം സ്പോട്ടിൽ 15 അസ്ഥിഭാഗങ്ങൾ കണ്ടെത്തി

ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻറെ ഭാഗമായി നടത്തുന്ന തിരച്ചിൽ ഇന്നും തുടരുകയാണ്. ഏഴാം സ്പോട്ടിൽ ആണ് ഇന്ന് മണ്ണ് നീക്കിയുള്ള പരിശോധന ആരംഭിക്കുക. റോഡിനോട് ചേർന്നുള്ള ചില സ്പോട്ടുകളും ഇന്ന് പരിശോധിക്കും. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള പരിശോധനയ്ക്കും സാധ്യതയുണ്ട്. ഈ ഭാഗത്ത് 7 മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നു എന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ.
ഇന്നലെ ആറാം സ്പോട്ടിൽ നിന്ന് അസ്ഥികൾ കണ്ടെത്തിരിക്കുന്നു. ഇതിന്റെ കാലപ്പഴക്കം അടക്കം പരിശോധിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഡിജിപി പ്രണബ് മോഹന്തി ഇന്നലെ രാത്രി ബെൽത്തങ്ങാടി എസ്ഐടി ഓഫീസിൽ എത്തി. ഇവിടെ നിന്ന് 15 അസ്ഥികൾ ആണ് കണ്ടെത്തിയിട്ടുള്ളത്. പലതും പൊട്ടിയിട്ടുണ്ട്. തലയോട്ടിയുടെ ഭാഗം കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. മനുഷ്യന്റേത് എന്ന് വ്യക്തമായിരുന്നു. പിന്നീട് ഇതൊരു പുരുഷന്റെ അസ്ഥിയാണെന്നും പറഞ്ഞിരുന്നു. ഫോറെൻസിക് സംഘം അസ്ഥികൾ ശേഖരിച്ച് ബയോ സേഫ് ബാഗുകളിൽ ആക്കി പരിശോധനക്ക് കൊണ്ടുപോയിട്ടുണ്ട്. പുത്തൂർ റവന്യൂ അസിസ്റ്റന്റ് സ്റ്റെല്ല വർഗീസിന്റെ സാന്നിധ്യത്തിലാണ് മഹസർ തയ്യാറാക്കിയത്.
കണ്ടെടുത്തത് 15 അസ്ഥികളുടെ പല ഭാഗങ്ങളും പൊട്ടിയ നിലയിലാണ്. ധർമസ്ഥലയിൽ തുടര്‍ച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. സ്പോട്ട് നമ്പർ ആറിൽ രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്.
അതേസമയം ധർമസ്ഥലയിൽ കനത്ത മഴയാണ്. ഇതോടെ കുഴികളിൽ വെള്ളം കയറി. തുടർന്ന് കുഴിയെടുത്ത ഇടങ്ങളിൽ നാല് വശത്തും പൊലീസ് ടാർപോളിൻ ഷീറ്റുകൾ സ്ഥാപിച്ചിരിക്കുകയാണ്. തെളിവ് ശേഖരിച്ച സ്ഥലങ്ങൾ പൂർണമായി മൂടുകയും ചെയ്തു.
ആറാമത്തെ കുഴിയിലെ പരിശോധന പൂർത്തിയായിട്ടുണ്ട്. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിക്കൊപ്പം മറ്റ് സാക്ഷികളുടെ കൂടി സാന്നിധ്യത്തിലാണ് മഹസർ നടപടികൾ പൂർത്തിയാക്കിയത്.
സാക്ഷി പറഞ്ഞതനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ എട്ട് പോയന്റുകളാണ് ഇനി കുഴിച്ച് നോക്കാൻ ബാക്കിയുള്ളത്. ഇതിൽ മൂന്നെണ്ണം കാടിനുള്ളിലാണ്. നാല് പോയന്റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടി എന്നയിടത്തെ സ്വകാര്യഭൂമിയിലും രണ്ട് പോയന്റുകളുണ്ട് എന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞെങ്കിലും അവിടെ പരിശോധിക്കാൻ എസ്ഐടിക്ക് പ്രത്യേക അനുമതി വേണ്ടി വരും. ഓരോ പോയന്റിലും സാക്ഷി ആവശ്യപ്പെടുന്നതിലും കൂടുതൽ ചുറ്റളവിലാണ് അന്വേഷണസംഘം കുഴിച്ച് പരിശോധിക്കുന്നത്.
ആദ്യം പറഞ്ഞ സ്പോട്ടുകളിൽ ഒന്നും കിട്ടിയില്ല എങ്കിലും എസ്ഐടി അന്വേഷണം തുടരുകയായിരുന്നു. ഇപ്പോൾ അസ്ഥികൾ കിട്ടിത്തുടങ്ങിയതോടെ അന്വേഷണസംഘവും ആവേശത്തിലാണ്. കൂടുതൽ ശരീരങ്ങൾ അടക്കം ചെയ്തത് കാടിന്റെ ഉള്ളിലാണ്. അവിടെ ജെസിബിയോ, മറ്റ് മണ്ണ് മാന്തുന്ന യന്ത്രങ്ങളോ ഉപയോഗിക്കാൻ കഴിയില്ല. എല്ലായിടവും കുഴിച്ച് നോക്കാൻ മാനുഷിക അധ്വാനം തന്നെ വേണ്ടിവരും.
സാക്ഷിയായ ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ സുരക്ഷയും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ധർമ്മസ്ഥല എന്നത് ഒരു പ്രത്യേക രാജ്യം പോലെയാണ്. ഹെഗ്ഡെ കുടുംബത്തിന്റെ കിങ്കരന്മാരാണ് അവിടെ ഭൂരിഭാഗം ആളുകളും. ന്യൂസ് 18 ഒഴികെ മറ്റുള്ള പ്രധാന മാധ്യമങ്ങൾ അവിടേക്ക് പോകാത്തതും ഈ പേടികൊണ്ട് തന്നെയാണ്. ഇന്നുമുതൽ കൂടുതൽ മാധ്യമങ്ങൾ അവിടേക്ക് എത്തുമെന്നാണ് അറിയുന്നത്.
ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ ആരോപണവുമായി ബന്ധപ്പെട്ട വാർത്തകളുടെ 8,842 ലിങ്കുകൾ നീക്കം ചെയ്യാനാണ് ബെംഗളൂരു കോടതി ഉത്തരവിട്ടത്. ധർമസ്ഥല ധർമാധികാരി വീരേന്ദ്ര ഹെഗ്ഗഡെയുടെ സഹോദരനായ ഹർഷേന്ദ്ര കുമാർ ജൂലൈ പതിനെട്ടിന് നൽകിയ ഹരജിയെ തുടർന്നാണ് നടപടി.