ഇന്ത്യ ഒന്നിക്കുന്നു, മുന്നിൽ നയിക്കാൻ രാഹുൽ! പ്രതിപക്ഷ സഖ്യത്തിന്റെ പേര് “ഇന്ത്യ”
അതെ മോദിയെ നേരിടാൻ അവർ ഒരുങ്ങിക്കഴിഞ്ഞു.. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒട്ടേറെ മഹാസഖ്യങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെയൊരെണ്ണം ഇതിനുമുൻപ് ഇന്ത്യ കണ്ടിട്ടുണ്ടാവുകയില്ല. ബിജെപി രാജ്യത്ത് വർഗ്ഗീയത പടർത്തുമ്പോൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ അതിനെ എതിർക്കാൻ തയ്യാറായിരിക്കുകയാണ്. അതെ ആ സഖ്യത്തിന് അവർ നൽകിയ പേര് പോലും ഇന്ത്യ എന്നാണ്. വർഗ്ഗീയത ഇല്ലാത്ത ഇന്ത്യ…. ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ഇനിമുതൽ ‘ഇന്ത്യ’ എന്ന പേരിൽ അറിയപ്പെടും. ഇന്ത്യൻ നാഷനൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് എന്ന പേരാണ് 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ ബിജെപിയെ നേരിടാൻ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നടക്കുന്ന വിശാല പ്രതിപക്ഷത്തിന്റെ യോഗത്തിലാണ് പുതിയ പേര് തീരുമാനിച്ചത്. 24 ഓളം പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുന്ന യോഗം രണ്ടുദിവസങ്ങളിലായി ബെംഗളുരുവിലാണ് നടക്കുന്നത്.
എന്നാൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.ബംഗളൂരുവിൽ അഴിമതിക്കാരുടെ സമ്മേളനമാണ്” കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ളവർ നടത്തുന്നതെന്നാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം ” ആദ്യം കുടുംബം ,രാഷ്ട്രം ഒന്നുമല്ല” എന്നാണ് എന്നും മോദി വിമർശിച്ചു. പ്രതിപക്ഷത്തിന് വ്യക്തിപരമായ നേട്ടങ്ങളിൽ മാത്രമാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാം കുടുംബത്തിനുവേണ്ടിയാണ് എന്നതാണ് അവരുടെ മന്ത്രം”. അഴിമതിക്കാരെ സംരക്ഷിക്കാൻ പ്രതിപക്ഷം ഒന്നിക്കുന്നുവെന്നും മോദി വാദിച്ചു. കഴിഞ്ഞ 9 വർഷത്തിനിടയിൽ, ഞങ്ങൾ പഴയ സർക്കാരുകളുടെ തെറ്റുകൾ തിരുത്തുക മാത്രമല്ല, ആളുകൾക്ക് പുതിയ സൗകര്യങ്ങളും വഴികളും ഒരുക്കുകയും ചെയ്തു. മാത്രമല്ല ഇന്ന്, ഇന്ത്യയിൽ ഒരു പുതിയ വികസന മാതൃകയുണ്ട്. ഇത് ഉൾക്കൊള്ളലിന്റെ മാതൃകയാണ്”- എന്നും പ്രധാനമന്ത്രി പറഞ്ഞു
പ്രതിപക്ഷത്തിന്റെ രണ്ടാമത്തെ യോഗമാണ് ബെംഗളൂരുവിലേത്. പട്നയിലായിരുന്നു ആദ്യയോഗം ചേർന്നത്. ഏക സിവിൽ കോഡ്, എൻസിപിയിലെ പിളർപ്പ് എന്നീ വിഷയങ്ങളിൽ എടുക്കേണ്ട നിലപാടിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടാകും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാർട്ടികൾ ചേർന്ന് മൂന്ന് വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഒരു പൊതു അജണ്ടയോടെ പ്രവർത്തിക്കേണ്ടതെങ്ങനെ എന്നതിലാകും ചർച്ചയിൽ പ്രധാനമായും ഊന്നൽ നൽകുക. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ഒരു ബദൽ ഐക്യം ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് സംഘടിപ്പിക്കുന്ന ഡിഎംകെ, തൃണമൂൽ, ജെഡിയു, ആർജെഡി, എൻസിപി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് പാർട്ടികൾ എന്നിങ്ങനെ മമതാ ബാനർജി, നിതീഷ് കുമാർ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, എം കെ സ്റ്റാലിൻ എന്നിവരടക്കമുള്ള നേതാക്കൾ ബെംഗളുരുവിലെ യോഗത്തിലുണ്ട്.സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരടക്കമുള്ള നേതാക്കളും യോഗത്തിലുണ്ട്.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിക്കാൻ തന്നെയാകും പ്രതിപക്ഷ പാർട്ടികളുടെ ചർച്ചകളിലെ പ്രധാന അജണ്ട. അതിനിടെ മറുവശത്ത് നരേന്ദ്രമോദിയുടേയും ബിജെപി സർക്കാരിന്റേയും പ്രവർത്തനങ്ങൾ മുൻനിർത്തി 2024 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കുകയാണ് എൻഡിഎ. ഡെൽഹിയിൽ വെച്ചാണ് എൻഡിഎ യോഗം. പ്രതിപക്ഷം തന്ത്രങ്ങൾ മെനയുമ്പോൾ സഖ്യത്തെ ശക്തിപ്പെടുത്താനായിരിക്കും എൻഡിഎയുടെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗത്തെ അഭിസംബോധന ചെയ്യുന്നത്. 30 ഓളം പാർട്ടികൾ യോഗത്തിലുണ്ട്. പാർലമെൻറിലും, പുറത്തുമുള്ള പ്രതിപക്ഷ നീക്കത്തെ ചെറുക്കാനുള്ള മറുതന്ത്രങ്ങൾ തന്നെയാകും യോഗത്തിൽ ചർച്ചയാകുക എന്നുറപ്പാണ്. എഐഎഡിഎംകെ, ശിവസേന, എൻസിപി , ജനസേന പാർട്ടി, എൻപിപി, നാഷണലിസ്റ്റ് ഡേമോക്രറ്റിക് പ്രോഗ്രസീവ് പാർട്ടി, അപ്നാദൾ , റിപബ്ലിക്കൻ പാർട്ടി(എ) എന്നിവയാണ് യോഗത്തിലുണ്ട്.
കേന്ദ്രത്തിൽ മൂന്നാമൂഴമെന്ന സ്വപ്നത്തിനായുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും ബിജെപിയുടെ അണിയറയിൽ സജീവമാകുമ്പോൾ ബിജെപിയെ നിലംപരിശാക്കുകയെന്ന ഒറ്റലക്ഷ്യത്തിലൂന്നിയുള്ള ആസൂത്രണങ്ങളിലാണ് പ്രതിപക്ഷ പാർട്ടികൾ.