ഹജ്ജിനിടെ മരിച്ചവര്‍ 1301; കൂടുതലും അനധികൃത തീര്‍ത്ഥാടകര്‍
ഇത്തവണത്തെ ഹജ്ജ് കാലത്ത് 1,301 പേരാണ് മരിച്ചത്. ഇതില്‍ കൂടുതലും അനധികൃത തീർഥാടകരാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇങ്ങനെ മരിച്ചവരില്‍ 83 ശതമാനം അനുമതിയില്ലാതെ ഹജ്ജിനെത്തിയവരാണ്. ഇത്തരക്കാർക്ക് ശരിയായ താമസസൗകര്യമോ വാഹനം ഉള്‍പ്പടെ മറ്റ് സൗകര്യങ്ങളോ ലഭിക്കാൻ ഒരു സാധ്യതയുമില്ലായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുംവിധം കഴിയേണ്ടിവന്നിട്ടുണ്ടാവാം. വാഹനസൗകര്യമൊന്നുമില്ലാതെ വെയിലേറ്റ് ദീർഘദൂരം നടന്ന് ക്ഷീണിക്കുകയും ചെയ്തിരിക്കാം. അതുകൊണ്ട് തന്നെ അതിവേഗം ആരോഗ്യപ്രശ്നങ്ങള്‍ക്ക് അടിപ്പെടുന്ന സാഹചര്യമുണ്ടായി. മാത്രമല്ല ഇത്തരക്കാരില്‍ അധികവും പ്രായം ചെന്നവരും വിട്ടുമാറാത്ത രോഗബാധയുള്ളവരുമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ ചൂണ്ടിക്കാട്ടി.
കടുത്ത ചൂട് കാരണമുള്ള സമ്മർദത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിനാവശ്യമായ പ്രതിരോധ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ ബോധവത്കരണത്തിന് വിവിധ വകുപ്പുകള്‍ നടത്തിയിരുന്ന ശ്രമങ്ങളെക്കുറിച്ചും ആരോഗ്യ മന്ത്രി ഓർമപ്പെടുത്തി. മൃതദേഹങ്ങള്‍ ഖബറടക്കാനുള്ള നടപടികളുടെ പൂർത്തീകരണത്തിന്, തിരിച്ചറിയല്‍ രേഖയോ ഹജ്ജ് അനുമതി പത്രമോ ഇല്ലാതിരുന്നിട്ടും മരണ സർട്ടിഫിക്കറ്റുകള്‍ അതിവേഗം നല്‍കുന്നതിനുള്ള സംവിധാനം അധികൃതർ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.