ഹജ്ജിന് കേരളത്തില്‍നിന്ന് 16,776 പേര്; ഇത്രയും പേര്‍ക്ക് അവസരം ലഭിക്കുന്നതാദ്യം
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തില്‍നിന്ന് 16,776 പേർക്ക് അവസരം. ഇതില്‍ 70 വയസിന് മുകളിലുള്ളവർക്കും ലേഡീസ് വിത്തൗട്ട് മഹ്റം വിഭാഗത്തിലുള്ളവർക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ബാക്കി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനറല്‍ വിഭാഗത്തില്‍നിന്ന് നറുക്കെടുപ്പിലൂടെ നടത്തും. നറുക്കെടുപ്പ് ഇന്ന് രാവിലെ 11 മുതല്‍ ഡല്‍ഹിയില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ വൈകിട്ടോടെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാകും.
സംസ്ഥാനത്തുനിന്ന് ഇക്കുറി 24,748 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 1250 പേർ 70 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 3584 പേർ ലേഡീസ് വിത്തൗട്ട് മഹ്റം വിഭാഗത്തിലുമാണ്. ജനറല്‍ വിഭാഗത്തില്‍ 19,950 പേരാണ് അപേക്ഷിച്ചത്. ഇതില്‍നിന്ന് 11,942 പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുക. ബാക്കി 8008 പേരെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
ചരിത്രത്തിലാദ്യമായാണ് ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് ഇത്രയേറെ തീർത്ഥാടകർക്ക് അവസരം ലഭിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും മുസ്ലിം ജനസംഖ്യാടിസ്ഥാനത്തിലാണ് ഹജ്ജ് ക്വാട്ട അനുവദിക്കുക. ഇതുപ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ ആവശ്യത്തിനുള്ള അപേക്ഷകരില്ലാത്തതിനാല്‍ കേരളം ഉള്‍പ്പെടെ കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ വീതംവെക്കുകയായിരുന്നു.