അല്‍ജസീറ ഇസ്രായേലില്‍ അടച്ചുപൂട്ടും : ബെഞ്ചമിൻ നെതന്യാഹു
അല്‍ജസീറ ഭീകര ചാനല്‍ ആണെന്നും ഇസ്രായേലില്‍ അടച്ചുപൂട്ടുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സുരക്ഷ ഭീഷണിയുയർത്തുന്ന വിദേശ വാർത്ത ശൃംഖലകള്‍ അടച്ചുപൂട്ടാൻ മുതിർന്ന മന്ത്രിമാർക്ക് അധികാരം നല്കുന്ന നിയമം പാർലമെന്റ് പാസാക്കിയ ശേഷമാണ് പ്രകോപനം പരത്തുന്ന ‘ഭീകര ചാനല്‍’ എന്ന് അല്‍ജസീറയെ വിശേഷിപ്പിച്ചത്.
അല്‍ ജസീറ ഇസ്രായേലിന്റെ സുരക്ഷയെ ഹനിച്ചെന്നും ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയില്‍ സജീവമായി പങ്കുവഹിച്ചെന്നും ഇസ്രായേല്‍ സൈനികർക്കെതിരെ വെറുപ്പ് പരത്തിയെന്നും നെതന്യാഹു എക്സില്‍ കുറിച്ചു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാനലിന്റെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കുന്നതിനുള്ള നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി.
അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ തെറ്റായ ആരോപണങ്ങള്‍ക്കും പ്രേരണക്കും ശേഷം ലോകമെമ്ബാടുമുള്ള തങ്ങളുടെ ജീവനക്കാരുടെയും നെറ്റ്വർക്കിന്റെയും സുരക്ഷയുടെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരിക്കുമെന്ന് അല്‍ ജസീറ പ്രതികരിച്ചു. ഇത്തരം അപകീർത്തികരമായ ആരോപണങ്ങള്‍ ധീരവും പ്രഫഷനല്‍ കവറേജും തുടരുന്നതില്‍നിന്ന് ഞങ്ങളെ തടയില്ലെന്നും എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അല്‍ ജസീറ അധികൃതർ പറഞ്ഞു.