ഗാസയിൽ സഹായ ട്രക്കുകൾ കൊള്ളയടിക്കുന്നത് ഹമാസ് ആണെന്ന് അമേരിക്ക; ഇസ്രായേൽ ബന്ധമുള്ള സംഘങ്ങളാണ് ഈ കൊള്ളക്കാരെന്ന് ഹമാസും
തെക്കന്‍ ഗാസയില്‍ സഹായ വസ്തുക്കളുമായി പോയ ട്രക്ക് ഹമാസ് ഭീകരർ കൊള്ളയടിക്കുന്നതിന്റെ ആകാശ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഒക്ടോബര്‍ 31-ന് വടക്കന്‍ ഖാന് യൂനിസിന് സമീപമാണ് ഈ സംഭവം നടന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിരീക്ഷിക്കുകയായിരുന്ന ഒരു അമേരിക്കന്‍ MQ – 9 ഡ്രോണിലാണ് ഈ ദൃശ്യങ്ങൾ കിട്ടിയത്.
ഡ്രൈവറെ റോഡിന്റെ മീഡിയനിലേക്ക് മാറ്റിയ ശേഷം അദ്ദേഹത്തെ ആക്രമിച്ച് ട്രക്കും അതിലുണ്ടായിരുന്ന വസ്തുക്കളും മോഷ്ടിച്ചു. ഡ്രൈവറുമായി പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അയാൾക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.കൊള്ളയടിക്കപ്പെട്ട ട്രക്ക്, അമേരിക്കയുടെ അന്താരാഷ്ട്ര പങ്കാളികളില്‍ നിന്ന് ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു.
ഏകദേശം 40 രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കേന്ദ്രം അമേരിക്കയുടെ കീഴില്‍ ഗാസയിൽ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാസയിലേക്കുള്ള മാനുഷിക, ലോജിസ്റ്റിക്കല്‍, സുരക്ഷാ സഹായങ്ങള്‍ ഏകോപിപ്പിക്കുകയും യുദ്ധാനന്തര കാര്യങ്ങൾക്ക് മേല്‍നോട്ടം വഹിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.
ഒട്ടേറെ സഹായ ട്രക്കുകൾ ദിവസേന ഗാസയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും , എന്നാൽ ഇതുപോലുള്ള സംഭവം ‘ ഇത്തരം ശ്രമങ്ങളെ പിറകോട്ട് അടിക്കുന്നുവെന്നും സെന്റ്കോം പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, അന്താരാഷ്ട്ര പങ്കാളികൾ ഗാസയിലേക്ക് പ്രതിദിനം 600-ലധികം ട്രക്ക് വാണിജ്യ സാധനങ്ങളും സഹായങ്ങളും എത്തിച്ചിരുന്നു. ഗാസയിലെ സാധാരണക്കാർക്ക് മാനുഷിക സഹായവുമായി പോയ ട്രക്ക് ഹമാസ് കൊള്ളയടിച്ചെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ഗാസയിലെ ജനങ്ങൾക്ക് അത്യാവശ്യമായി ലഭിക്കേണ്ട മാനുഷിക സഹായം ഹമാസ് നിഷേധിക്കുകയാണെന്നും റൂബിയോ എക്സിൽ എഴുതി. നിരപരാധികളായ സാധാരണക്കാർക്ക് സഹായം നൽകാനുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത്തരം കവർച്ച ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗാസയ്ക്ക് ശോഭനമായ ഭാവിക്ക് വേണ്ടി ഹമാസ് ആയുധം താഴെ വെച്ച് കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെ, ഗാസ സഹായത്തിനുള്ള കേന്ദ്ര കേന്ദ്രമായി തെക്കൻ ഇസ്രായേലിൽ ഒക്ടോബർ 17 ന് സിഎംസിസി തുറന്നിരുന്നു.
എന്നാൽ ഈ ട്രക്കുകൾ കൊള്ളയടിക്കുന്നത് ഇസ്രായേൽ സൈനികരുടെ പിന്തുണയുള്ള ചില സംഘങ്ങൾ ആണെന്നാണ് ഹമാസ് വൃത്തങ്ങൾ പറയുന്നത്. അതേപോലെ വെടിനിർത്തൽ നിലനിൽക്കുമ്പോഴും ഫലസ്തീനികൾ നേരിടുന്ന ആക്രമണങ്ങൾക്ക് അറുതിയില്ല എന്നാണ് പറയുന്നത്. വെസ്റ്റ്ബാങ്കിൽ കഴിഞ്ഞദിവസങ്ങളിലും ഫലസ്തീനികൾക്കു നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണമുണ്ടായി. ഒലിവ് വിളവെടുക്കുന്നതിനിടെ കർഷകരും വിളവെടുപ്പുകാരും ആക്രമണത്തിന് ഇരയായി.
വെസ്റ്റ് ബാങ്കിലെ ഫറാത ഗ്രാമത്തിൽ ഇസ്രായേലി കുടിയേറ്റക്കാർ രണ്ട് കാറുകളും കോഴി വളർത്തൽ കേന്ദ്രവും കത്തിച്ചതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ജെറുസലേമിലെ ജാബയിലാണ് മറ്റൊരു ആക്രമണം. ഇവിടെ താമസിക്കുന്ന ബെദൂയിനുകളുടെ സ്വത്തുക്കൾക്ക് കുടിയേറ്റക്കാർ തീയിട്ടതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരെ കുടിയേറ്റക്കാരുടെ ആക്രമണം വർധിക്കുകയാണെന്നും എല്ലാ ദിവസവും അക്രമം നടക്കുന്നതായും എന്നാൽ യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നുമാണ് റിപ്പോർട്ട്.













