സനയില്‍ ആക്രമണം; ഡസന്‍ കണക്കിന് ഹൂതികള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് നഗരം മുഴുവന്‍ പുകപടലങ്ങളാണെന്ന് അല്‍ മാസിറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇസ്രയേല്‍ സനയില്‍ ആക്രമണം നടത്തിയത്. ആക്രമണം ഇസ്രയേല്‍ സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
12ഓളം യുദ്ധവിമാനങ്ങളും എയര്‍ സപ്പോര്‍ട്ട് യൂണിറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഹൂതി ജനറല്‍ സ്റ്റാഫിന്റെ കമാന്‍ഡ് ആസ്ഥാനവും ഹൂതികളുടെ സുരക്ഷാ-രഹസ്യാന്വേഷണ ഉപകരണങ്ങളെയുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഹൂതികള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്സ് അവകാശപ്പെട്ടു. എന്നാല്‍ രണ്ട് പേര് കൊല്ലപ്പെട്ടെന്നും 48 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഹൂതികള്‍ പറയുന്നത്.