”ഹമാസ് ഭീകരർ” എന്ന പരാമർശം തിരുത്തി ബിബിസി; എന്നാൽ ഹമാസ് 100 ശതമാനം ഭീകരസംഘടനയെന്ന് തറപ്പിച്ച് പറഞ്ഞ് നെതന്യാഹു

വാര്‍ത്ത സംപ്രേഷണം ചെയ്യുമ്പോൾ ഹമാസിനെ ഭീകരസംഘടനയെന്ന് വിശേഷിപ്പിച്ച അവതാരകന്റെ നിലപാട് ബിബിസി തിരുത്തി. തങ്ങളുടെ സ്റ്റാഫ് ആ വാക്ക് ഉപയോഗിച്ചത് തെറ്റാണെന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് കംപ്ലയിന്‍സ് യൂണിറ്റ് പറഞ്ഞു. കൃത്യതയ്ക്കും നിഷ്പക്ഷതയ്ക്കും വേണ്ടി ബിബിസി സംഘടനകളെ ‘ഭീകര’ മുദ്ര ചാര്‍ത്തി അഭിസംബോധനം ചെയ്യാറില്ലെന്നും ബിബിസി പ്രസ്താവനയില്‍ പറഞ്ഞു.
ജൂണ്‍ 15ന് നടന്ന വാര്‍ത്ത പ്രക്ഷേപണത്തിനിടയിലാണ് അവതാരകന് ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചത്. ഇത് ബിബിസിയുടെ എഡിറ്റോറിയല്‍ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് കമ്പനി പറഞ്ഞു. ന്യൂസ് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് എക്സിക്യൂട്ടീവ് കംപ്ലയിന്റ്സ് യൂണിറ്റ് നിലപാട് വ്യക്തമാക്കിയത്.
ഏകപക്ഷീയമായി ഭീകര സംഘങ്ങള്‍ എന്ന് മുദ്ര കുത്തുന്നതിന് പകരം ‘മറ്റുള്ളവര്‍ അല്ലെങ്കില്‍ മൂന്നാം കക്ഷികള്‍ എന്നിങ്ങനെയാണ് വിളിക്കാറുള്ളതെന്നും ബിബിസി വ്യക്തമാക്കി.
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചതിന് തൊട്ട് പിന്നാലെ വലിയ തോതിലുള്ള പ്രതിഷേധം ബിബിസിക്ക് നേരെ ഉയര്‍ന്നിരുന്നു. പദം ഉപയോഗിച്ച അവതാരകന്റെ പേര് വെളിപ്പെടുത്താന്‍ ബിബിസി ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ബിബിസിയുടെ ഈ നിലപാട് കാരണം ഹമാസിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന കാര്യത്തിൽ ഇപ്പോളും ചർച്ച നടക്കുകയാണ്.
അതേസമയം ഹമാസ് നേതാക്കളെ തീർക്കാൻ വേണ്ടി ഖത്തറില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലോകത്തുടനീളം പ്രതിഷേധം കനക്കുകയാണ്. ഇസ്റാഈൽ ആക്രമണത്തിൽ നടപടിയെടുക്കാത്തതിന് യുഎൻ സുരക്ഷാ കൗൺസിലിനെ ശക്തമായി വിമർശിച്ച് യുഎഇ രംഗത്തെത്തി.
ഫലസ്തീന്റെ ഭൂമി പിടിച്ചെടുക്കുമെന്ന ഭീഷണികളും അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളും ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങളെ തകർക്കുകയും മേഖലയുടെ സ്ഥിരതയെ അപകടത്തിലാക്കുകയും ചെയ്യും എന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഗർഗാഷ് പറഞ്ഞു.
സെപ്റ്റംബർ 9-നാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് ഉദ്യോഗസ്ഥർ ഒത്തുകൂടിയത്. ആ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ഇസ്രായേലിൻറെ ആക്രമണം നടന്നത്. 15 ഇസ്റാഈൽ യുദ്ധവിമാനങ്ങൾ 10-ലധികം പ്രിസിഷൻ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ നെതന്യാഹു ഇതിനെ ന്യായീകരിക്കുകയാണ്. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന് അമേരിക്ക നടത്തിയ തിരിച്ചടിക്ക് സമാനമാണ് ഇസ്റാഈല്‍ നടപടിയെന്നാണ് നെതന്യാഹു തങ്ങളുടെ ചെയ്തിയെ ന്യായീകരിക്കുന്നത്.
‘ഹമാസ് പോളിറ്റ്ബ്യൂറോ അംഗങ്ങളെ പുറത്താക്കാന്‍ ഉടനെ ഖത്തര്‍ തയാറാവണം. അല്ലെങ്കില്‍ അവരെ നീതിക്ക് മുന്നില്‍ കൊണ്ടു വരണം. നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ ഞങ്ങളത് ചെയ്യും’ എന്നാണ് ഇംഗ്ലീഷില്‍ പുറത്തു വിട്ട വീഡിയോയില്‍ നെതന്യാഹു പറയുന്നത്. ഹമാസിന് അഭയം നല്‍കുന്നതും അവര്‍ക്ക് പണം നല്‍കുന്നതും ഖത്തറാണെന്നും നെതന്യാഹു ആരോപിച്ചു.
അഫ്ഗാനിസ്ഥാനിലെ അല്‍-ഖൊയ്ദ ഭീകരര്‍ക്കെതിരെ അമേരിക്ക എടുത്ത നിലപാട് തന്നെയാണ് ഞങ്ങളും എടുത്തിരിക്കുന്നത് പാകിസ്ഥാനില്‍ ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയപ്പോള്‍ അമേരിക്കയെ പുകഴ്ത്തിയ അതേ രാജ്യങ്ങള്‍, ഇപ്പോൾ ഇസ്റാഈലിനെ അപലപിച്ചതില്‍ സ്വയം ലജ്ജിക്കണം എന്നും നെതന്യാഹു പറയുന്നു. ഹമാസ് തങ്ങളെ സംബന്ധിച്ച് ഒരു ഭീകര സംഘടനാ തന്നെയാണെന്നും നെതന്യാഹു ആവർത്തിച്ച് വ്യക്തമാക്കി.