ഈശ്വര നിന്ദ; പാകിസ്താനില്‍ വിദ്യാര്‍ത്ഥിയ്ക്ക് വധശിക്ഷ

വാട്സ്ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനില്‍ 22കാരനെ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോര്‍ട്ട്.
പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചതിനാലാണ് വിദ്യാര്‍ത്ഥിയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലെ കോടതി പറഞ്ഞു.
പ്രായപൂർത്തിയാകാത്തതിനാല്‍ വധശിക്ഷയ്ക്ക് പകരം 17 വയസ്സുള്ള മറ്റൊരു വിദ്യാർത്ഥിക്ക് ജീവപര്യന്തം തടവ് വിധിച്ചതായി റിപ്പോർട്ടുണ്ട്. പാകിസ്താനില്‍ മതനിന്ദയ്ക്ക് വധശിക്ഷയാണ് ലഭിക്കുക. എന്നാല്‍ അതിന്റെ പേരില്‍ ഇതുവരെ ആരേയും ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടില്ല. എന്നാല്‍ നിരവധി പ്രതികളെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോർട്ടുണ്ട്.
2022ല്‍ ലാഹോറിലെ പാകിസ്താൻ ഫെഡറല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ സൈബർ ക്രൈം യൂണിറ്റ് നല്കിയ പരാതിയെ തുടർന്നാണ് വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്തത്. മൂന്ന് വ്യത്യസ്ത മൊബൈല്‍ ഫോണ്‍ നമ്ബറുകളില്‍ നിന്നാണ് വീഡിയോകളും ഫോട്ടോകളും ലഭിച്ചതെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
പരാതിക്കാരൻ്റെ ഫോണ്‍ പരിശോധിച്ചതില്‍ അശ്ലീലം അയച്ചതായി കണ്ടെത്തിയതായി എഫ്ഐഎ അറിയിച്ചു. വിദ്യാർത്ഥികളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിദ്യാർത്ഥികള്‍ക്കായി ഹാജരായ അഭിഭാഷകൻ പറഞ്ഞു.