ബൊക്കോ ഹറാമും ഭീകരവാദികളും ക്രൈസ്തവർക്കെതിരെ അക്രമം തുടരുന്നു; നൈജീരിയയിൽ അമേരിക്ക തോക്കുമായി ഇരച്ചെത്തുമെന്ന് ഡൊണാൾഡ് ട്രംപ്
നൈജീരിയൻ സർക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണകൂടം സ്ഥാപിക്കാൻ ശ്രമിക്കുന്ന സംഘടനയാണ് ബൊക്കോ ഹറാം എന്ന് അറിയപ്പെടുന്നത്. അതിനർത്ഥം “പാശ്ചാത്യ വിദ്യാഭ്യാസം വിലക്കപ്പെട്ടതാണ്” എന്നാണ്. ബോക്കോ എന്നത് പുസ്തകത്തിനുള്ള ഇംഗ്ലീഷ് വാക്കിൽ നിന്നും ഉണ്ടായതാണ്. അതായത് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് എതിരാണ് ഇക്കൂട്ടർ.
ഇക്കഴിഞ്ഞ ദിവസവും നൈജീരിയയിലെ മുസ്സ ജില്ലയില്‍നിന്ന് ബോക്കോ ഹറാം തീവ്രവാദികള്‍ കൗമാരപ്രായക്കാരായ 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. കൃഷിയിടങ്ങളില്‍നിന്ന് മടങ്ങിവരുന്നതിനിടെ വൈകുന്നേരം അഞ്ചു മണിയോടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. മഗുമേരി ഗ്രാമത്തില്‍ രണ്ട് മണിക്കൂറിലധികം നീണ്ട ആക്രമണം നടത്തിയ തീവ്രവാദികള്‍ വീടുകളും വാഹനങ്ങളും കടകളും ഉള്‍പ്പെടെ തീയിടുകയും ചെയ്തു.
”അസ്കിറ ഉബയില്‍ കൃഷിയിടത്തില്‍നിന്ന് മടങ്ങുകയായിരുന്ന പന്ത്രണ്ട് സ്ത്രീകളെ ബോക്കോ ഹറാം തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടുപോയി.”എന്നാണ് ബോര്‍ണോ സ്റ്റേറ്റ് പോലീസ് പി ആർ ഓ എഎസ്പി നഹും ദാസോ പറഞ്ഞത്.
മഗുമേരി ഗ്രാമത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ മോട്ടോര്‍ സൈക്കിളുകളിലെത്തിയ തീവ്രവാദികള്‍ വീടുകള്‍ക്കും മറ്റും തീയിടുന്നതിന് മുമ്പ് ആളുകളെ ഭയപ്പെടുത്തി ഓടിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തതായും പോലീസ് അറിയിച്ചു. ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ അക്രമികള്‍ രക്ഷപ്പെട്ടു.
നൈജീരിയയില്‍ സായുധസംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയുധധാരികളായ ഒരു സംഘം നൈജീരിയന്‍ തലസ്ഥാനമായ അബുജയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഒരു സ്വകാര്യ കത്തോലിക്കാ സ്കൂളില്‍ അതിക്രമിച്ച് കയറി നൂറുകണക്കിന് സ്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.
മതപരമായ ലക്ഷ്യങ്ങളോടുകൂടിയ ആക്രമണങ്ങള്‍, വംശീയ/സാമുദായിക സംഘര്‍ഷങ്ങള്‍ എന്നിവയാല്‍ രാജ്യം വലയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആഴ്ച തന്നെ നിരവധി പേരെയാണ് ഇത്തരത്തില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.
കത്തോലിക്കാസഭ നടത്തുന്ന സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയ 303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇവർ ഇപ്പോൾ ബന്ധുക്കളുടെ അടുക്കൽ എത്തിയതായി എപി റിപ്പോർട്ട് ചെയ്യുന്നു. 253 വിദ്യാർഥികളും 12 അധ്യാപകരും ഇപ്പോഴും തടവിലുണ്ട്. ഇവർ എവിടെയാണ് എന്നത് അവ്യക്തമായി തന്നെ തുടരുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. സെയ്ന്റ് മേരീസ് സ്കൂളിന്റെ ബോർഡിങ്ങിൽനിന്നാണ് 10-നും 18-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളേയും ആൺകുട്ടികളേയും സായുധസംഘം തട്ടിക്കൊണ്ടുപോയത്. ആകെ 629 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഇവരിൽ 303 പേരെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഇവരിൽ 50 പേർ ഇപ്പോൾ തിരിച്ചെത്തിയതായി സ്കൂൾ അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച അയൽസംസ്ഥാനമായ കെബ്ബിയിലെ സെക്കൻഡറി സ്കൂളിൽനിന്ന് 25 പെൺകുട്ടികളെ സായുധസംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരിൽ ചിലർ രക്ഷപ്പെട്ടു. രണ്ടു തട്ടിക്കൊണ്ടുപോകലുകൾക്കും പിന്നിൽ ഏതുസംഘമാണെന്ന് വ്യക്തമല്ല. ഇതോടെ നൈജറിനും കെബ്ബിക്കും അടുത്തുള്ള കാറ്റ്സിന, പ്ലാറ്റൂ എന്നീ സംസ്ഥാനങ്ങളിലെ എല്ലാ സ്കൂളുകളും തത്കാലത്തേക്കു പൂട്ടാൻ ഉത്തരവ് ഇട്ടിട്ടുണ്ട്. നൈജറിലെ മിക്ക സ്കൂളുകളും അടക്കുകയാണ്.
നൈജീരിയയിൽ ക്രിസ്ത്യാനികൾ പീഡനമനുഭവിക്കുകയാണെന്നും ടിനുബു സർക്കാർ അതിന് അറുതിവരുത്തിയില്ലെങ്കിൽ സൈനികനടപടിയുണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അതിനിടെയാണ് ഈ തട്ടിക്കൊണ്ടു പോകലുകൾ നടക്കുന്നത്.
2014-ൽ ബോർണോ സംസ്ഥാനത്തെ ചിബോക്കിലെ സ്കൂളിൽനിന്ന് ബോക്കോ ഹറാം ഭീകരർ മുന്നൂറോളം വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരിൽ പലരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഖിലാഫത്ത് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ 16 വർഷമായി ഭീകരർ നൈജീരിയയുടെ വടക്കുകിഴക്ക് ഭാഗത്ത് പലതരം ആക്രമണങ്ങളുമായി സജീവമാണ്.
നൈജീരിയയുടെ വടക്കുപടിഞ്ഞാറും മധ്യഭാഗത്തുമുള്ള ഗ്രാമീണമേഖലയിലും ഒക്കെ സായുധരായ ക്രിമിനൽസംഘങ്ങൾ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമാവശ്യപ്പെടുക ഇവരുടെ പതിവാണ്. വനപ്രദേശമാണ് ഇവരുടെ താവളം. തട്ടിക്കൊണ്ട് പോകുന്ന വരെ അടിമകളാക്കി വിൽക്കുകയും പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി വെക്കുകയും ആണ് ഈ ഭീകരർ ചെയ്യുന്നത്. ചിലരെ ആചാരപ്രകാരമുള്ള ചില ബലി കർമ്മങ്ങൾക്കായും ഉപയോഗിക്കാറുണ്ട്.
കാര്യങ്ങൾ ഈ വിധമാണ് പോകുന്നതെങ്കിൽ അമേരിക്കൻ സൈന്യം നൈജീരിയയിൽ ഉടനെ എത്താനാണ് സാധ്യത. ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സൈനിക നീക്കം തുടങ്ങുമെന്ന പ്രഖ്യാപനം ട്രംപ് നേരത്തെ തന്നെ നടത്തിയിരുന്നു. നൈജീരിയയിൽ ക്രിസ്ത്യാനികളുടെ ‘കൂട്ടക്കൊല’ നടക്കുന്നുവെന്ന് ആരോപിച്ച ട്രംപ്, രാജ്യത്തിനുള്ള എല്ലാ അമേരിക്കൻ സഹായങ്ങളും ഉടൻ നിർത്തലാക്കുമെന്നും തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഭീകരവാദികളെ പൂർണമായി തുടച്ചുനീക്കാൻ അമേരിക്കൻ സൈനികർ ‘തോക്കുകളുമായി ഇരച്ചെത്തും’ എന്ന പ്രഖ്യാപനവും അമേരിക്കൻ പ്രസിഡന്റ് നടത്തിയിട്ടുണ്ട്.













