നെതന്യാഹുവിനെ കൂക്കിവിളിച്ച് ബഹിഷ്കരണം, കാലിയായ കസേരകൾ; ഐക്യരാഷ്ട്രസഭയിൽ നാണം കെട്ട് ഇസ്രായേൽ പ്രധാനമന്ത്രി

ഐക്യ രാഷ്ട്ര സഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രസംഗത്തിനെതിരേ വമ്പൻ പ്രതിഷേധം. പ്രസംഗം ബഹിഷ്കരിച്ച് നിരവധി രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പോയിരുന്നു. നെതന്യാഹു സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ എത്തിയതും നയതന്ത്ര ഉദ്യോഗസ്ഥർ യുഎന്‍ പൊതുസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
ഗാസയിലെ സൈനിക നടപടിയില്‍ ഇസ്രയേല്‍ ആഗോളതലത്തില്‍ ഒറ്റപ്പെടല്‍ നേരിടുന്ന സാഹചര്യത്തിലാണ് യുഎന്‍ സഭയിലും പ്രതിഷേധം ഉയര്‍ന്നത്. തന്റെ വസ്ത്രത്തില്‍ ക്യുആര്‍ കോഡ് പിന് ധരിച്ചാണ് പ്രധാനമന്ത്രി നെതന്യാഹു യുഎന്‍ ജനറല്‍ അസംബ്ലിയില്‍ എത്തിയത്. ആ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ, ഒക്ടോബര്‍ ഏഴിലെ ഹാമാസ് ആക്രമണം ചിത്രീകരിക്കുന്ന വീഡിയോ ആണ് കാണാൻ കഴിയുന്നത്.
ഗാസയിൽ വംശഹത്യ നടക്കുന്നു എന്ന കാര്യം ഒരു തമാശയാണെന്ന് ഐക്യരാഷ്ട്ര സഭയിൽ നെതന്യാഹു പറയുകയും ചെയ്തു. ഗാസയിലെ പട്ടിണി മരണങ്ങളുടെ കണക്ക് തള്ളിക്കളഞ്ഞതിന് പിന്നാലെ ഹമാസ് ആയുധം താഴെ വച്ചില്ലെങ്കിൽ ഇസ്രയേൽ വേട്ട തുടരുമെന്നും നെതന്യാഹു ആവർത്തിച്ചു.
അതേസമയം, നെതന്യാഹുവിന്റെ പ്രസംഗം തുടങ്ങുന്നതിന് മുമ്പ് നിരവധി പ്രതിനിധികൾ സഭയിൽ നിന്നും ഇറങ്ങിപ്പോയി. നെതന്യാഹുവിന് നേരെ കുവിവിളിച്ചു കൊണ്ടായിരുന്നു ഈ നേതാക്കൾ സഭ ബഹിഷ്ക്കരിച്ചത്.
ആക്സിയോസ് വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, അറബ്, മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള മിക്കവാറും എല്ലാ പ്രതിനിധികളും പ്രസംഗത്തിനിടെ ഇറങ്ങിപ്പോയിരുന്നു. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ചില യൂറോപ്യന്‍ രാജ്യങ്ങളിലെയും പ്രതിനിധികളും ഇറങ്ങിപ്പോയവരില്‍ ഉണ്ടായിരുന്നു.
ലോക വേദിയില്‍ ഇസ്രയേല്‍ കൂടുതല്‍ ഒറ്റപ്പെടുന്നതിന് തെളിവായിരുന്നു ഈ വാക്ക്ഔട്ട്. രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ നിന്ന് യുദ്ധക്കുറ്റം നേരിടുന്ന നെതന്യാഹുവിന് നിലവില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അല്ലാതെ അടുത്ത സുഹൃത്തുക്കൾ ഇല്ല എന്ന് തന്നെ പറയാം.
എന്നാൽ ഗാസയിലെ ജോലി ഇസ്രയേൽ “കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കുമെന്നും” നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസ് നേതാക്കളോട് കീഴടങ്ങാനും ആയുധങ്ങള്‍ താഴെയിടാനും ബന്ദികളെ മോചിപ്പിക്കാനും നെതന്യാഹു ആഹ്വാനം ചെയ്തു. ‘ആയുധങ്ങള്‍ താഴെയിടൂ. എല്ലാ ബന്ദികളെയും ഇപ്പോള്‍ തന്നെ മോചിപ്പിക്കൂ… അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ജീവിക്കും. ഇല്ലെങ്കില്‍ ഇസ്രയേല്‍ നിങ്ങളെ വേട്ടയാടും’ എന്നാണ് നെതന്യാഹു പറഞ്ഞത്.
ഈ പ്രസംഗത്തിന് മുമ്പ്, തന്റെ പ്രസ്താവനകൾ പലസ്തീനികളെ അറിയിക്കുന്നതിനായി ഗാസ മുനമ്പിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കാൻ ഇസ്രയേൽ സൈന്യത്തോട് ഉത്തരവിടുകയും ചെയ്തു.
ഗാസയിലെ ജനങ്ങളുടെ മൊബൈൽ ഫോണുകളുടെ നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ച യു എൻ പൊതുസഭയിൽ നടത്തിയ പ്രസംഗം ഗാസ മുനമ്പിലുടനീളം തത്സമയം സംപ്രേഷണം ചെയ്തതായും നെതന്യാഹു അവകാശപ്പെട്ടു. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ട്രംപ് ഭരണകൂടം വീസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഒരു ദിവസം മുമ്പ് പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തിരുന്നു. പലസ്തീനികള്‍ ഒരിക്കലും ഗാസ വിട്ടുപോകില്ലെന്നാണ് അബ്ബാസ് പറഞ്ഞത്.