കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി ഇന്നു തന്നെയെന്ന് സൂചന; സമ്മർദം ശക്തമാക്കി ലിബറൽ പാർട്ടി
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃ സ്ഥാനം ഇന്ന് രാജിവെക്കുമെന്ന് സൂചനകൾ. ബുധനാഴ്ച നടക്കുന്ന പാർട്ടിയുടെ നിർണ്ണായക മീറ്റിംഗിന് മുൻപ് രാജി ഉണ്ടാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. ട്രൂഡോ ഉടൻ ചുമതല ഒഴിയുമോ അതോ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമോ എന്നത് വ്യക്തമല്ല. 2013ൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായപ്പോൾ ട്രൂഡോ ലിബറൽ നേതാവായി ചുമതലയേൽക്കുകയായിരുന്നു.
ഒക്ടോബർ അവസാനത്തോടെ നടക്കേണ്ട ദേശീയ തെരഞ്ഞെടുപ്പിൽ ലിബറലുകൾ കൺസർവേറ്റീവുകളോട് ദയനീയമായി പരാജയപ്പെടുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. അതിനാൽ ട്രൂഡോയുടെ രാജി പാർട്ടിയിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിയൊരുക്കും. അടുത്ത നാല് വർഷത്തേക്ക് അമേരിക്കയിലെ ട്രംപിൻ്റെ ഭരണത്തെ നേരിടാൻ കഴിയുന്ന ഒരു ഗവൺമെൻ്റിനെ സജ്ജമാക്കാൻ ട്രൂഡോയുടെ രാജി വഴിയൊരുക്കും. കഴിഞ്ഞ മാസത്തിനിടെ നിരവധി എംപിമാർ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു.