ലോകാവസാനം വരെ ചൈനയും കൊറിയയും ഇത് മറക്കില്ല, പൊറുക്കില്ല; പതിനായിരക്കണക്കിന് സ്ത്രീകളെ ലൈംഗിക അടിമകളാക്കിയ ജപ്പാൻറെ ക്രൂരത

ചൈന രണ്ടാം ലോക മഹായുദ്ധത്തിൽ ജാപ്പനീസ് അധിനിവേശത്തെ പരാജയപ്പെടുത്തിയതിന്റെ എൺപതാം വാർഷികാഘോഷങ്ങൾ ഇക്കൊല്ലം വലിയ ആഘോഷമായിട്ടാണ് ബീജിങ്ങിൽ നടത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.
ജപ്പാന് അധിനിവേശത്തിന്റെ അപമാനത്തെ മറികടന്ന് ചൈന ഒരു സാമ്പത്തിക ശക്തികേന്ദ്രമായി മാറിയെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് പ്രസംഗത്തിൽ പറഞ്ഞത്.
എന്നാലും ആ യുദ്ധത്തിന്റെ ഇരുണ്ട ചരിത്രം ഇന്നും ഒരു ജനതയുടെ മനസാക്ഷിയെ വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നിരവധി സ്ത്രീകൾ അനുഭവിച്ച ക്രൂരതയുടെ ഓർമ്മകൾ ഇന്നും മാഞ്ഞുപോയിട്ടില്ല. അതിൽ ഏറ്റവും വലിയ മുറിവാണ് “കംഫർട്ട് വുമൺ” എന്ന് വിളിക്കപ്പെടുന്ന, ബലമായി കൊണ്ടുപോയി ലൈംഗിക അടിമകളാക്കിയ സ്ത്രീകളുടെ കഥ.
യുദ്ധത്തിന്റെ ക്രൂരമായ യാഥാർത്ഥ്യങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്ന ഒന്നാണ് “കംഫർട്ട് വുമൺ” എന്നറിയപ്പെടുന്ന സ്ത്രീകളുടെ ദാരുണമായ അനുഭവം. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യം ലൈംഗിക അടിമകളാക്കിയ ഈ സ്ത്രീകൾ, യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകളായിരുന്നു. ദക്ഷിണ കൊറിയ, ചൈന, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് സ്ത്രീകളെയാണ് സൈനിക വേശ്യാലയങ്ങളിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയത്.
ചിലരെ തൊഴിൽ വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ചപ്പോൾ, മറ്റുചിലരെ ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. പതിമൂന്ന് വയസ്സു മുതൽ മുപ്പത് വയസ്സു വരെയുള്ള ഈ സ്ത്രീകൾക്ക് ക്രൂരമായ ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നു.
അതോടൊപ്പം രോഗങ്ങളും , മാനസിക പീഡനങ്ങളും അവർക്ക് സഹിക്കേണ്ടി വന്നു. യുദ്ധം അവസാനിച്ചപ്പോഴും, ഇവർ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് കടുത്ത ദുരിതങ്ങളിലൂടെ ജീവിതം തള്ളിനീക്കുകയും ചെയ്തു. ഈ വിഷയത്തിൽ ജപ്പാൻ പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയണമെന്നും, അതിജീവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു വരുന്നു.
എന്നാൽ, 1965-ലെയും 2015-ലെയും കരാറുകളിലൂടെ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുവെന്ന തങ്ങളുടെ പഴയ നിലപാടിൽ ജപ്പാൻ ഉറച്ചുനിൽക്കുകയാണ്.
രണ്ടാം ലോകമഹായുദ്ധത്തിൽ, അന്നത്തെ ഇംപീരിയൽ ജാപ്പനീസ് സൈന്യം, സ്വന്തം നാട്ടിൽ നിന്നും, ജപ്പാൻ അധിനിവേശ പ്രദേശങ്ങളിൽ നിന്നും ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടു പോയ സ്ത്രീകളെയും പെൺകുട്ടികളെയും ജാപ്പനീസിൽ വിളിച്ചിരുന്നത് ഇയാൻഫു എന്നായിരുന്നു. ജാപ്പനീസിൽ ആ വാക്കിന്റെ അർഥം ‘വേശ്യ’ എന്നായിരുന്നു.
ജപ്പാൻ സൈന്യം ഏറെ വീറോടെ പോരാടിയ ഒരു യുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധം. ആറു വർഷം നീണ്ടുനിന്ന ആ ‘മഹാ’യുദ്ധത്തിനിടെ ജപ്പാൻ സൈനിക മേധാവികൾ ഗവൺമെന്റിനെ ഒരു വിശേഷപ്പെട്ട ആവശ്യമറിയിച്ചു. യുദ്ധത്തിനിടെ തങ്ങളുടെ സൈനികരുടെ ലൈംഗിക തൃഷ്ണകൾ ശമിപ്പിക്കാൻ വേണ്ടി, അവർക്ക് രതിയിൽ ഏർപ്പെടാൻ വേണ്ടി സന്നദ്ധരായ ‘കംഫർട്ട് വിമൺ’നെ തെരഞ്ഞെടുത്ത് യുദ്ധമുഖത്തേക്ക് പറഞ്ഞുവിടണം എന്നതായിരുന്നു ആവശ്യം. യുദ്ധം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന കാലമായതിനാൽ അങ്ങനെ ഒരു ആവശ്യം സൈന്യത്തിന്റെ ഭാഗത്തുനിന്ന് വരുന്നത് ജാപ്പനീസ് സർക്കാർ തള്ളിക്കളഞ്ഞതുമില്ല.
വേശ്യാവൃത്തി ഒരു സർവീസ് എന്ന നിലയ്ക്ക്, ജപ്പാനിൽ ഉണ്ടായിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയതോടെ അതിലേക്ക് വരുന്നവരുടെ എണ്ണം ആവശ്യക്കാരുടെ എണ്ണവുമായി ഒത്തുപോകാതെയായി. അതോടെ ആ പണിക്ക് നിർബന്ധിച്ച് ജപ്പാൻ സൈന്യം , കീഴടക്കുന്ന നാട്ടിലെ യുവതികളെയും കൊണ്ടുവരാൻ തുടങ്ങി.
ജാപ്പനീസ് സൈന്യം പറയുന്നത് ആകെ 20,000 പേർ മാത്രമാണ് ഈ ജോലിക്ക് ഉണ്ടായിരുന്നത് എന്നാണ്. എന്നാൽ, സ്വതന്ത്രമായ കണക്കുകൾ പ്രകാരം, 360,000 മുതൽ 410,000 വരെ യുവതികൾക്ക് ഈ ഗതികേടുണ്ടായിട്ടുണ്ട്.
അമേരിക്കൻ സൈന്യവും സഖ്യശക്തികളും ചേർന്ന് ജപ്പാന്റെ സ്വാധീനത്തിലിരുന്ന പല പ്രദേശങ്ങളിൽ നിന്നായി ഇവരെ മോചിപ്പിക്കുകയായിരുന്നു. ചൈനയിലെയും കൊറിയയിലെയും ആയിരക്കണക്കിന് യുവതികൾ ഇങ്ങനെ തട്ടിക്കൊണ്ടു പോകപ്പെട്ട്, ദിവസേന നൂറോളം തവണ റേപ്പ് ചെയ്യപ്പെട്ട് കൊടിയ യാതനകളും രോഗങ്ങളും ഒക്കെ അനുഭവിച്ചിട്ടുണ്ട്.
ഇന്നും, ജപ്പാനും ചൈനയുവും തമ്മിലും, കൊറിയയും ജപ്പാനും തമ്മിലുമുള്ള വൈരത്തിന്റെ ഒരു പ്രധാന കാരണം ലൈംഗിക നായാട്ട് തന്നെയാണ്. യുദ്ധത്തിൽ രാജ്യത്തിന്റെ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും, അത് തിരിച്ച് പിടിക്കുന്നതും ഒക്കെ പതിവാണ്. എന്നാൽ തങ്ങളുടെ നാട്ടിലെ സ്ത്രീകൾ അനുഭവിച്ച നരകയാതനകൾക്ക് ഒരു കാലത്തും ചൈനയും കൊറിയയും ജപ്പാന് മാപ്പ് നൽകാൻ സാദ്ധ്യതയില്ല. ഇനിയൊരു യുദ്ധസമാനമായ സാഹചര്യം വന്നാൽ ജപ്പാൻ അതിന് മറുപടി പറയേണ്ടതായിട്ടു വരും.