ലോകത്തിന് മുന്നിൽ ചൈനയുടെ ആയുധശക്തി പ്രദർശനം; പുടിനും കിമ്മിനുമൊപ്പം ചേർന്ന് ട്രംപിന് വെല്ലുവിളിയായി ഷീ ജിൻ പിങ്

രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് ആക്രമണത്തിനെതിരായ ചൈനയുടെ വിജയത്തിൻ്റെ 80-ാം വാർഷികം ആഘോഷിക്കുന്ന പരേഡ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
വെറും ഒരു സൈനിക പരേഡ് എന്നതിലുപരി, ഈ ലോകത്തിന് മുന്നിൽ തങ്ങളുടെ സൈനിക ശേഷി കാണിച്ച് കൊടുക്കാനുള്ള ഒരു അവസരം കൂടി ആയിരുന്നു ചൈനക്കിത്. ഈ പരേഡിൽ, ജെറ്റ് ഫൈറ്ററുകൾ, മിസൈലുകൾ, ഏറ്റവും പുതിയ ഇലക്ട്രോണിക് യുദ്ധ ഹാർഡ്വെയർ എന്നിവയുൾപ്പെടെ, ചൈന ആദ്യമായി തങ്ങളുടെ ഏറ്റവും ആധുനികമായ ആയുധങ്ങൾ ലോകത്തിന് മുന്നിൽ അനാച്ഛാദനം ചെയ്തു.
ചരിത്രപ്രസിദ്ധമായ ടിയാനൻ മെൻ സ്ക്വയറിൽ നടന്ന ഈ പരേഡിൽ നൂറുകണക്കിന് സൈനികർ അണിനിരന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഭാര്യ പെങ് ലിയുവാനും ഇരുപത്തിയാറ് വിദേശ നേതാക്കളെയാണ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ, ഇറാൻ, മലേഷ്യ, മംഗോളിയ, സിംബാബ്വെ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖരും ഇതിൽ പങ്കെടുത്തു. ചൈനയിലെ ഇന്ത്യൻ അംബാസഡറായ പ്രദീപ് കുമാർ റാവത്തും ചടങ്ങിൽ പങ്കെടുത്തു.
ഇതിനൊപ്പം ഇന്തൊനേഷ്യന്‍ പ്രസിഡന്റ് പ്രബവോ സുബിയാന്തൊയും പരേഡിനെത്തിയത് ലോകത്തെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് സംഘര്‍ഷങ്ങളും ചൈനയുമായുള്ള തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് ഇന്തൊനേഷ്യന്‍ പ്രസിഡന്റിന്റെ ചൈനാ സന്ദര്‍ശനം.
ചൈനീസ് രാഷ്ട്രത്തിന്റെ പുനരുജ്ജീവനം തടയാൻ ആർക്കും കഴിയില്ലെന്ന് പ്രസിഡന്റ് ഷി ജിൻപിംഗ് പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്തിലെ രണ്ടാമത്തെ വലിയ പ്രതിരോധ ബജറ്റുള്ള രാജ്യമാണ് ചൈന. ഈ വർഷം അവരുടെ പ്രതിരോധ ബജറ്റ് 250 ബില്യൺ ഡോളറാണ്.
ഈ പരേഡിൽ ലോക നേതാക്കൾ പങ്കെടുക്കരുതെന്ന ജപ്പാന്റെ ആവശ്യം ചൈനയും ജപ്പാനും തമ്മിൽ നയതന്ത്ര തർക്കങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഈ വിഷയത്തിൽ ചൈന ജപ്പാനോട് നയതന്ത്ര പ്രതിഷേധം അറിയിക്കുകയും ചെയ്തു.
റഷ്യൻ എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യയ്ക്കെതിരെ ട്രംപ് 50% തീരുവ ചുമത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഷിയുമായും പുടിനുമായും നടത്തിയ കൂടിക്കാഴ്ചകളും ഈ ഉച്ചകോടിയുടെ പ്രധാന വിഷയമായിരുന്നു.
തങ്ങളുടെ ആഗോള സ്വാധീനവും സൈനികശക്തിയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരേഡിനെ നിരീക്ഷകർ കാണുന്നത്.
അമേരിക്കക്ക് പകരമായി സ്വയം ഉയര്‍ത്തിക്കാണിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ കൂറ്റന്‍ പരേഡ് എന്നും പറയാം.
പ്രാദേശിക സമയം രാവിലെ ഒന്‍പതിന് ആരംഭിച്ച പരേഡ് 70 മിനിറ്റ് നീണ്ടുനിന്നു. പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞത് ജപ്പാന് അധിനിവേശത്തിന്റെ അപമാനത്തെ മറികടന്ന് ചൈന ഒരു സാമ്പത്തിക ശക്തികേന്ദ്രമായി മാറിയെന്നാണ്.
പുടിനും കിമ്മും ഷിയും ഒരുമിച്ച് ഒരു വേദിയിൽ പങ്കെടുത്തത് അമേരിക്കയ്ക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ശക്തമായ ഒരു സന്ദേശം നൽകാനുള്ള ചൈനയുടെ നീക്കമായിട്ടാണ് കാണുന്നത്. 2019-ന് ശേഷം കിം ജോങ് ഉൻ ചൈന സന്ദർശിക്കുന്നത് ഇതാദ്യമാണ്.
രണ്ടാം ലോകമഹായുദ്ധ സമയത്ത് ജാപ്പനീസ് സൈന്യത്തെ പരാജയപ്പെടുത്തിയതിന്റെ 80-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചൈന സൈനിക പരേഡ് നടത്തുന്നത്. എന്നാൽ ഇത്തവണ ബെയ്ജിങ്ങിലെ ചരിത്രപ്രാധാന്യമുള്ള ടിയാനന്മെന് ചത്വരത്തില്‍ 50,000 ല്‍ അധികം സൈനികര്‍ പൂര്‍ണ യൂണിഫോമില്‍ പങ്കെടുക്കുന്ന പരേഡില്‍ ചൈന വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളുള്‍പ്പെടെ എത്തിച്ചിരുന്നു. ആയുധശക്തിയുടെ ഒരു പ്രകടനമാണ് ചൈന ഇത്തവണ നടത്തിയത്.
ഈ പരേഡിലൂടെ, ചൈന തങ്ങളുടെ ശക്തിയും ആഗോളതലത്തിലെ പുതിയ ഭൗമരാഷ്ട്രീയ സമവാക്യങ്ങളും ലോകത്തിന് മുന്നിൽ വളരെ വ്യക്തമായി അവതരിപ്പിക്കുകയാണ്. പ്രത്യക്ഷത്തിൽ ജപ്പാനെതിരെ നേടിയ വിജയം ആഘോഷിക്കുന്നത് പോലെ തോന്നുമെങ്കിലും, പരോക്ഷമായി ഇത് അമേരിക്കൻ സാമ്രാജ്യശക്തികൾക്ക് മുന്നിൽ ചൈന തങ്ങളുടെ കരുത്ത് കാണിക്കുന്ന ഒരു പരേഡായിരുന്നു.