ചുഴലിക്കാറ്റും പേമാരിയും; ബ്രസീലില്‍ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയില്‍, 27 മരണം
തെക്കൻ ബ്രസീലിനെ തകര്‍ത്തെറിഞ്ഞ് ചുഴലിക്കാറ്റ്. നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി. ഇതിനകം 27 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറു കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. റിയോ ഗ്രാൻഡെ ഡോ സുള്, സാന്താ കാതറീന എന്നീ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശംവിതച്ചത്.
മരണസംഖ്യയും ഏറ്റവുംകൂടുതല്‍ ഇവിടങ്ങളിലാണ്. സംസ്ഥാനത്തെ അറുപതോളം നഗരങ്ങളെ കൊടുങ്കാറ്റ് ബാധിച്ചതായി റിയോ ഗ്രാൻഡെ ഡോ സുള് ഗവര്‍ണര്‍ എഡ്വാര്‍ഡോ ലെയ്റ്റ് പറഞ്ഞു. 3,700ലധികം ആളുകളെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചതായി വിവിധ വാര്‍ത്ത ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണില്‍ തെക്കൻ ബ്രസീലില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 13 പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകളെ വീടുകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയില്‍ സാവോ പോളോ സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 65 പേര് കൊല്ലപ്പെട്ടു.