ഇസ്രായേല്‍ സര്‍ക്കാറില്‍ ഭിന്നത രൂക്ഷമാകുന്നു; മന്ത്രിസഭായോഗം ബഹിഷ്കരിച്ച് നാഷനല്‍ യൂനിറ്റി പാര്‍ട്ടി
മൂന്നു മാസം പിന്നിട്ടിട്ടും ഗാസയിലെ യുദ്ധത്തില്‍ ലക്ഷ്യങ്ങളൊന്നും നേടാനാകാതെ വലയുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് തലവേദനയായി യുദ്ധകാല സര്‍ക്കാറില്‍ ഭിന്നതയും രൂക്ഷമാകുന്നു.
ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം നാഷനല്‍ യൂനിറ്റി പാര്‍ട്ടിയിലെ മൂന്നു മന്ത്രിമാര്‍ ബഹിഷ്കരിച്ചു.
മുൻപ്രതിരോധ മന്ത്രി ബെന്നി ഗ്രാന്റ്സ് ഉള്‍പ്പെടെയുള്ളവരാണ് യോഗം ബഹിഷ്കരിച്ചത്. നെതന്യാഹുവിന്റെ സഖ്യസര്‍ക്കാറില്‍ ബെന്നിയുടെ നാഷനല്‍ യൂനിറ്റി പാര്‍ട്ടിയില്ലെങ്കിലും യുദ്ധകാല സര്‍ക്കാറില്‍ അവര്‍ അംഗമാണ്. ഐ.ഡി.എഫ് മേധാവി ഹെര്‍സി ഹലേവിയും തീവ്രവലതുപക്ഷ മന്ത്രിമാരും തമ്മില്‍ നേരത്തെ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് എത്തിയത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിലെ സൈനിക, സുരക്ഷ വീഴ്ചകളില്‍ ഹലേവി പ്രഖ്യാപിച്ച അന്വേഷണമാണ് തീവ്രവലതുപക്ഷക്കാരനായ ദേശസുരക്ഷ വകുപ്പ് മന്ത്രി ഇതമര്‍ ബെൻഗ്വിര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരെ ചൊടിപ്പിച്ചത്.
എന്നാല്‍, ഹലേവിയെ പ്രതിരോധിക്കുന്ന നിലപാടാണ് ബെന്നിയുടെ യൂനിറ്റി പാര്‍ട്ടി സ്വീകരിച്ചത്. യുദ്ധകാല സര്‍ക്കാറിലെ മറ്റു പല നിലപാടുകളോടും തീവ്രവലതുപക്ഷ നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പാണ്. ഗാസയിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ജൂത കുടിയേറ്റത്തിന് സൗകര്യമൊരുക്കണമെന്നാണ് സര്‍ക്കാറിലെ തീവ്രവലതുപക്ഷക്കാരായ മന്ത്രിമാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഇത് തങ്ങളുടെ സര്‍ക്കാറിന്റെയോ, ഇസ്രായേല്‍ ജനതയുടേയോ നിലപാടല്ലെന്നാണ് ഇസ്രായേല്‍ പ്രസിഡന്റ് കഴിഞ്ഞദിവസം പറഞ്ഞത്. അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും ശക്തമായ എതിര്‍പ്പും ഇപ്പോൾ ഇസ്രായേലിനെ കുഴക്കുന്നുണ്ട്.