ലാൻഡിംഗ് ഗിയര്‍ തുറക്കുന്നതില്‍ പരാജയപ്പെട്ടു; വിമാനം മുൻ ചക്രമില്ലാതെ ലാൻഡ് ചെയ്തു
ഫെഡ്എക്സ് എയർലൈൻസിൻ്റെ ബോയിംഗ് 767 കാർഗോ വിമാനം മുൻ ചക്രമില്ലാതെ ലാൻഡ് ചെയ്തതായി തുർക്കി ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്താംബുള്‍ വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പാരീസ് ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം, ലാൻഡിംഗ് ഗിയർ തുറക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടർന്ന് മുൻ ചക്രമില്ലാതെ റണ്‍വേയില്‍ ഇറങ്ങുകയായിരുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ആർക്കും പരിക്കില്ല.
ലാൻഡിങ് ഗിയർ തുറക്കാതിരിക്കാനുള്ള കാരണമൊന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 10 വർഷം പഴക്കമുള്ള ബോയിംഗ് 767 ചരക്ക് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അന്വേഷണത്തിൻ്റെ ഭാഗമായി തങ്ങളുടെ ടീമുകള്‍ സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.