പലസ്തീൻ എന്ന സ്വതന്ത്രരാജ്യത്തിന് പിന്തുണയുമായി ഫ്രാൻസിന് പുറകേ ബ്രിട്ടനും; ഗസ്സയിലേക്ക് ട്രക്കുകൾ നിറയെ ഭക്ഷണസാധനവുമായി ഖത്തറും

പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഈയടുത്ത ദിവസമാണ് ഫ്രാന്‍സ് പ്രഖ്യാപിച്ചത്. ഇപ്പോൾ അതിന് പിന്നാലെ ബ്രിട്ടീഷ് സർക്കാരും ഇതിന് അനുകൂലമായ സമീപനം സ്വീകരിച്ചു വരികയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേസമയം തന്നെ ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് അടിയന്തര മുന്‍ഗണനയെന്ന് യുകെ പറയുന്നുണ്ട്.
വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍നിന്നും പ്രധാന യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നും, പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനുമേല്‍ സമ്മര്‍ദം വര്ധിച്ചുവരികയാണെനും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പലസ്തീനിന് രാഷ്ട്രമെന്ന പദവി ഒരു അവിഭാജ്യ അവകാശമാണെന്ന് യുകെ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലില്‍ എത്തുന്നത് വരെ ഇതിന് യുകെയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
”പാലസ്തീന് രാഷ്ട്രപദവി വേണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദീര്‍ഘകാല രാഷ്ട്രീയ പരിഹാരത്തിന് ഒരു മാറ്റം വരുത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതില്‍ ആദ്യം ശ്രദ്ധിക്കണം, അതിനാണ് ഞങ്ങള്‍ മുന്‍ഗണന കൊടുക്കുന്നത്,” എന്നാണ് യുകെ സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി പീറ്റര്‍ കെയില്‍ സ്കൈ ന്യൂസിനോട് പറഞ്ഞത്.
എന്നാൽ പലസ്തീനെ അംഗീകരിക്കാനുള്ള ഫ്രാന്‍സിന്റെ നീക്കത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ഇസ്രയേലും അമേരിക്കയും രംഗത്തെത്തിയിരുന്നു. ഇനി ബ്രിട്ടനോടുള്ള അമേരിക്കയുടെ സമീപനം എങ്ങനെയാണെന്നും കണ്ടറിയണം.
ഇപ്പോൾ മാസങ്ങൾ നീണ്ട ഉപരോധത്തിനു ശേഷം ഗസ്സയിലേക്ക് കൂടുതൽ സഹായവുമായി ഖത്തർ എത്തിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് അവശ്യവസ്തുക്കൾ അടങ്ങിയ 49 ട്രക്കുകളാണ് ഖത്തർ എത്തിക്കുന്നത്. ഇതുകാരണം ഒരു ലക്ഷത്തിലേറെ പേർക്ക് സഹായം ലഭിക്കും.
മുപ്പതിനായിരത്തോളം പേർക്ക് ഗുണഫലം ലഭിക്കുന്ന 4700 ഫുഡ് പാർസലുകൾ, അമ്പതിനായിരം പേർക്കുള്ള ഭക്ഷണക്കൂടകൾ, 43,000 ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന 174 ടൺ ധാന്യപ്പൊടികൾ, അയ്യായിരം യൂനിറ്റ് ബേബി ഫുഡ് എന്നിവയാണ് ഖത്തർ എത്തിക്കുന്നത്. ഈ ട്രക്കുകൾ ഈജിപ്തിലും ജോർദാനിലുമാണ് ഇപ്പോൾ ഉള്ളത്. കെറം ഷാലോം, റഫ അതിർത്തി വഴി ഇവ വൈകാതെ ഗസ്സയിൽ പ്രവേശിക്കും.
മാസങ്ങൾ നീണ്ട ഉപരോധത്തിന് ശേഷം, ഗസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കാൻ കഴിഞ്ഞ ദിവസം ഇസ്രായേൽ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫലസ്തീനികൾക്കുള്ള സഹായമെത്തുന്നത്.
അതേസമയം, ഗസ്സ വിഷയത്തിൽ കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതിയിൽ ഇസ്രായേൽ നിലപാടിനെ ഖത്തർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഫലസ്തീനികൾക്കെതിരെ ഭക്ഷണവും പട്ടിണിയും ജൂതരാഷ്ട്രം യുദ്ധായുധമായി ഉപയോഗിക്കുന്നു എന്നായിരുന്നു ഖത്തറിന്റെ വിമർശനം. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണെന്നും ഖത്തർ സ്ഥിരം പ്രതിനിധി ചൂണ്ടിക്കാട്ടിയിരുന്നു.
ലോകരാജ്യങ്ങൾ പലതും പലസ്തീന്റെ ഒപ്പം നില്ക്കാൻ തുടങ്ങുന്നത് വളരെ ശുഭസൂചകമായ കാര്യമാണ്. വെടി നിർത്തുക എന്നതാണ് എല്ലാവരുടെയും പ്രധാനപ്പെട്ട ലക്ഷ്യം. എന്നാൽ ഇതിനിടയിൽ ഹമാസ് ഏതെങ്കിലും രീതിയിലുള്ള ആക്രമണങ്ങൾ നടത്തിയാൽ കാര്യങ്ങൾ കുറയും. പലസ്തീനെ സഹായിക്കാൻ വരുന്ന രാജ്യങ്ങളിൽ പലരും ഹമാസ് എന്ന സായുധ സംഘടനയെ അംഗീകരിക്കുന്നവർ അല്ല. പലസ്തീൻ ഒരു രാഷ്ട്രമാവുകയും അവിടെ, ജനങ്ങൾ തെരഞ്ഞടുത്ത ഒരു സർക്കാർ ഉണ്ടാകുകയും വേണം എന്നതാണ് ഇവരുടെ ലക്ഷ്യം.