ഇനി ഐസ്ക്രീമെന്നോ ഹാം ബർഗർ എന്നോ പറയരുത്, ഉത്തരവുമായി കിം ജോംഗ് ഉൻ; വിദേശസിനിമകൾ കണ്ടാൽ തല വെട്ടുന്ന നാട്ടിലെ പുതിയ ഭരണപരിഷ്കാരം

എക്കാലത്തും ലോകശ്രദ്ധ നേടുന്ന ഒരു വ്യക്തിയാണ് ഉത്തരകൊറിയൻ നേതാവായ കിം ജോംഗ് ഉൻ.
ഇപ്പോൾ അദ്ദെജാമ് രാജ്യത്ത് ചില വാക്കുകൾ ഒക്കെ നിരോധിച്ചിരിക്കുകയാണ്.
ഹാംബർഗർ, ഐസ്ക്രീം, കരോക്കെ എന്നീ വാക്കുകൾക്കെല്ലാം ഉത്തരകൊറിയയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് പ്രസിഡന്റ് കിം ജോങ് ഉൻ. ഇത്തരം പാശ്ചാത്യ വാക്കുകളുടെ ഉപയോഗം രാജ്യത്തെ സാംസ്കാരിക അധഃപതനത്തിലേക്ക് നയിച്ചെന്നാണ് പ്രസിഡന്റിന്റെ കണ്ടുപിടിത്തം.
നിരോധിച്ച വാക്കുകൾക്ക് പകരമായുള്ള വാക്കുകളും കണ്ടുപിടിച്ചിട്ടുണ്ട്. ഐസ്ക്രീം ഇനി മുതൽ എസ്യുക്കിമോ ആണ്. ഹാംബർഗർ എന്ന വാക്കിന് പകരം ഡാജിൻ-ഗോഗി ഗ്യോപ്പാങ് എന്ന് പറയണം.
പാശ്ചാത്യ വാക്കുകൾ ഒഴിവാക്കി ഉത്തരകൊറിയൻ പദാവലി പ്രോത്സാഹിപ്പിക്കുക, ഭാഷയിലെ സാംസ്കാരിക കടന്നുകയറ്റം തടയുക എന്നിവയൊക്കെയാണ് പുതിയ നിർദേശത്തിന് പിന്നിലെ കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്.
ഉത്തരകൊറിയയിൽ അടുത്തിടെ തുറന്ന വോൺസാൻ ബീച്ച് സൈഡ് റിസോർട്ടിലെ ടൂർ ഗൈഡുകൾ സന്ദർശകരോട് സംസാരിക്കുമ്പോൾ വിദേശ, ദക്ഷിണ കൊറിയൻ പദാവലി ഒഴിവാക്കണമെന്ന് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. അംഗീകൃതമായ പദപ്രയോഗങ്ങൾ മനസിലാക്കാനായി ടൂർ ഗൈഡുകൾ സർക്കാർ നടത്തുന്ന പരിശീലന പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.
ഇത്തരം വിചിത്രമായാ ഉത്തരവുകൾ ആദ്യമായല്ല കിം ജോംഗ് ഉൻ രാജ്യത്ത് കൊണ്ടുവരുന്നത്. വിദേശ സിനിമകളോ ടെലിവിഷൻ ഡ്രാമകളോ കാണുകയോ പങ്കുവെക്കുകയോ ചെയ്യുന്നവർക്ക് ഭരണകൂടം വധശിക്ഷ പ്രഖ്യാപിച്ചതായും വാർത്തകളുണ്ടായിരുന്നു. 2015 മുതൽ ഉത്തരകൊറിയയിൽ ശത്രു രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാക്കുന്ന കർശന നിയമങ്ങളും പാസാക്കിയിട്ടുണ്ട്.
കൊറിയയിലെ ജനങ്ങളെ കൂട്ടിലടച്ച് ഭരിക്കുകയാണ് കിം ജോങ് ഉന്നെന്ന് ആണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഏഴ് പതിറ്റാണ്ടിലേറെയായി അടിച്ചമർത്തലുകൾക്കും ഭയത്തിനും അടിമപ്പെട്ടാണ് കൊറിയൻ ജനത ജീവിക്കുന്നത്. മറ്റൊരു രാജ്യത്തിനും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത രീതിയിൽ ഉള്ള നിയന്ത്രണങ്ങൾ ആണ് ഇവിടെയുള്ളത്.
കൊറിയയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയ 300 ലധികം പേരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ യു.എൻ ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. അടിച്ചമർത്തലിലൂടെ ജനങ്ങളുടെ കണ്ണും കാതും ഒക്കെ അടച്ച് പിടിക്കുകയാണ് അധികാരികൾ ചെയ്യുന്നതെന്നും, പരാതികളോ അതൃപ്തികളോ ഒന്നും ഉയർന്നു വരാതിരിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് ഇതെല്ലം എന്നും രക്ഷപ്പെട്ട അഭയാർഥി പറഞ്ഞു.
കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം വധശിക്ഷകൾ വർധിച്ചുവെന്ന് യു എൻ മനുഷ്യാവകാശ ഓഫീസിലെ ഉത്തര കൊറിയൻ വിഭാഗം മേധാവി ജെയിംസ് ഹീനൻ പറയുന്നു.
ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രശസ്തമായ കെ-ഡ്രാമകൾ ഉൾപ്പെടെയുള്ള വിദേശ ടിവി പരമ്പരകൾ വിതരണം ചെയ്യുന്നതിന് പുതിയ നിയമങ്ങൾ അനുസരിച്ച് ഉത്തരകൊറിയയിൽ വധശിക്ഷ ലഭിച്ചേക്കാം. ഇത്തരത്തിൽ എത്രപേർക്ക് വധശിക്ഷ നടപ്പാക്കി എന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൽക്കരി ഖനനം, നിർമ്മാണം തുടങ്ങിയ കഠിനമായ മേഖലകളിൽ കുട്ടികളെ ‘ഷോക്ക് ബ്രിഗേഡുകൾ’ എന്ന പേരിൽ നിർബന്ധിതമായി പണിയെടുപ്പിക്കുന്നുണ്ടെന്നും ഹീനൻ റിപ്പോർട്ട് ചെയ്തു. ഇവരിൽ അധികം പേരും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരാണ്. കാരണം അവർക്ക് കൈക്കൂലി കൊടുത്ത് രക്ഷപ്പെടാൻ കഴിയില്ല.
കൂടാതെ ഈ ഷോക്ക് ബ്രിഗേഡുകൾക്ക് അപകടകരവും ദുഷ്കരവുമായ ജോലികളാണ് പലപ്പോഴും ചെയ്യേണ്ടിവരുന്നത്. ഇത്തരത്തിൽ നിർബന്ധിത തൊഴിൽ ചെയ്യുന്ന ചില സാഹചര്യങ്ങൾ അടിമത്തത്തിന് തുല്യമായി കണക്കാക്കുമെന്നും ഇത് മാനവികതക്ക് എതിരായ കുറ്റകൃത്യമായിരിക്കുമെന്നും കഴിഞ്ഞ വർഷം യു എൻ ചൂണ്ടിക്കാട്ടിയിരുന്നു.
ബലാത്സംഗം, പീഡനം,വധശിക്ഷ, എന്നീ കാരണങ്ങളാൽ 80,000 നും 1,20,000 നും ഇടയിൽ ആളുകളെയാണ് ജയിലിൽ ഇട്ടിരിക്കുന്നത്. ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ ഇപ്പോളത്തെ രീതികൾ തുടരുകയാണെങ്കിൽ അവിടുത്തെ ജനങ്ങൾ കൂടുതൽ ദുരിതങ്ങൾക്കും, ക്രൂരമായ അടിച്ചമർത്തലുകൾക്കും, വിധേയരാകുമെന്ന് യു എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്കും പറയുന്നു.
താമസിയാതെ ജയിലുകൾ നിറഞ്ഞ് കവിയുമെന്നും, തിരക്ക് ഒഴിവാക്കാൻ കൂട്ടകൊലകൾ തന്നെ ഭരണകൂടം നടത്തുമെന്നും യു എൻ ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്.