ബന്ദിമോചനം: യു.എസ്. നിര്‍ദേശം അംഗീകരിച്ച് ഹമാസ്
ഇസ്രയേലിബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകള്‍ ആരംഭിക്കുന്നതിന് യു.എസ്. മുന്നോട്ടുവെച്ച നിർദേശം അംഗീകരിച്ച് ഹമാസ്. ഗാസായുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഉടമ്ബടിയുടെ ആദ്യഘട്ടം നടപ്പാക്കി 16 ദിവസത്തിനുശേഷം ബന്ദികളെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നിർദേശം.
വെടിനിർത്തല്‍ ഉടമ്ബടിയില്‍ ഒപ്പിടുന്നതിനുമുൻപ് ഇസ്രയേല്‍ ശാശ്വതമായി വെടിനിർത്തണമെന്ന മുൻ ആവശ്യം ഹമാസ് ഉപേക്ഷിച്ചു. ആറാഴ്ചനീളുന്ന ആദ്യ വെടിനിർത്തല്‍ ഘട്ടത്തില്‍ ചർച്ചയ്ക്ക് അവർ സന്നദ്ധത അറിയിച്ചതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു.
കരാറിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നതിനുള്ള പരോക്ഷചർച്ചകള് തുടരുവോളം ഗാസയില്‍ വെടിനിർത്തല്‍, സഹായവിതരണം, ഇസ്രയേലിസൈന്യത്തിന്റെ പിൻവാങ്ങല്‍ എന്നിവ പുതിയനിർദേശത്തില് ഉറപ്പുനല്കുന്നുണ്ടെന്ന് ഹമാസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഖത്തറിന്റെ മധ്യസ്ഥതയില്‍ യു.എസും ചേർന്നുനടത്തിയ ചർച്ചകളിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്. ചർച്ചകള്‍ അടുത്തയാഴ്ചയും തുടരും.