ഇസ്രായേലിലേക്ക് ഡ്രോൺ ആക്രമണവുമായി വീണ്ടും ഹൂതികൾ; മെർക്കാവ ടാങ്ക് തകർത്ത് അൽ ഖസ്സാം ബ്രിഗേഡും, പോരാട്ടം കനക്കുന്നു

ഗാസയിൽ ഇസ്രായേൽ സൈന്യം കൂട്ടക്കുരുതി നടത്തുമ്പോളും ഇസ്രയേലിനെ നിരന്തരം ആക്രമിക്കുകയാണ് യെമനിലെ ഹൂതികൾ. ഇസ്രായേലിന്റെ തെക്കൻ തുറമുഖ നഗരമായ എയ്ലാറ്റിൽ ഹൂതികളുടെ ഡ്രോൺ ഇടിച്ച് 24 പേർക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ ആംബുലൻസ് സർവീസിനെ ഉദ്ധരിച്ച് കൊണ്ട് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡ്രോൺ സാധാരണയിലും വളരെ താഴ്ന്ന് പറന്നത് കൊണ്ട് ഇസ്രാഈലിന്റെ പേരുകേട്ട അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് അതിനെ തടയാൻ സാധിച്ചില്ലെന്നാണ് ഇസ്രായേലി ആർമി റേഡിയോ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റവരെ അടുത്തുള്ള യോസെഫ്താൽ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നത്. യമനിൽ നിന്നാണ് ഡ്രോൺ വിക്ഷേപിച്ചതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രാഈലിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് ഈ ഡ്രോൺ ആക്രമണത്തെ തടയാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക അന്വേഷണത്തെ ഉദ്ധരിച്ച് ഇസ്രായേൽ ഹയോം റിപ്പോർട്ട് ചെയ്യുന്നത്. അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ, ഡ്രോൺ ആകാശത്തിന് മുകളിലൂടെ പറക്കുന്നത് കാണാം. അതിനു ശേഷം വലിയൊരു സ്ഫോടന ശബ്ദത്തോടെ ഇടിച്ചു വീഴുന്നുണ്ട്.
യമനിലെ ഹൂത്തികൾ അയച്ച ഒരു ഡ്രോൺ ഇസ്രായേൽ വെടിവെച്ച് വീഴ്ത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം. ഇപ്പോളത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഹൂതികളാണ് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ വെസ്റ്റ്ബാങ്കിലെ ഇസ്രായേലി സൈന്യത്തിന്റെ നിരീക്ഷണ കേന്ദ്രം തകര്‍ത്തെന്ന് അല്‍ ഖുദ്സ് ബ്രിഗേഡ്സിന്റെ റാമല്ല ബറ്റാലിയന് പ്രസ്താവനയിലൂടെ അറിയിച്ചു. സതാഹ് മര്‍ഹബ പ്രദേശത്താണ് സംഭവം. യന്ത്രത്തോക്കുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. നിരവധി ഇസ്രായേലി സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ്ബാങ്കില്‍ ജൂതകുടിയേറ്റം വ്യാപകമാക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ ആക്രമണങ്ങള്‍ ഇനിയും നടത്തുമെന്നും ബറ്റാലിയന് അറിയിച്ചു.
ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാവ ടാങ്കും ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്സ് തകർത്തിട്ടുണ്ട് . യാസീന്‍ 105 മിസൈല്‍ ഉപയോഗിച്ചാണ് തെല്‍ അല്‍ ഹവ പ്രദേശത്ത് ആക്രമണം നടത്തിയത്. ഈ സംഭവത്തിന് ശേഷം പ്രദേശത്തേക്ക് പാഞ്ഞെത്തിയ ഇസ്രായേലി സൈനിക വാഹനത്തേയും അൽ ഖസ്സാം ബ്രിഗേഡ് ആക്രമിച്ചു. കര്‍നി പ്രദേശത്ത് ഇസ്രായേലി സൈനികര്‍ കൂട്ടംകൂടി നില്ക്കുന്ന പ്രദേശത്തേക്ക് 114എംഎം റജൂം റോക്കറ്റുകളും വിക്ഷേപിച്ചിരുന്നു.
വെസ്റ്റ്ബാങ്കിലെ യോന ഗ്രാമത്തില്‍ നിന്നും ഒരു മിസൈല്‍ പിടിച്ചെന്ന് ഇസ്രായേലി സൈന്യം അവകാശപ്പെടുന്നുണ്ട് . 2023 ഒക്ടോബര്‍ ഏഴിലെ തുഫാനുല്‍ അഖ്സ ഓപ്പറേഷന് മുമ്പ് ടെസ്റ്റ് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ മിസൈലാണ് ഇതെന്ന് ഇസ്രായേലി സൈന്യം പറയുന്നു. കഴിഞ്ഞ ആഴ്ച്ച വെസ്റ്റ്ബാങ്കിലെ വിവിധ ഫലസ്തീനി ഗ്രാമങ്ങളില്‍ നിന്നും ഗസയില്‍ ഹമാസ് ഉപയോഗിക്കുന്ന ഖസ്സം മിസൈലുകള്‍ കണ്ടെത്തിയിരുന്നു. ഒരു മിസൈല്‍ ബിന്യാമിന് പ്രദേശത്തേക്ക് വിക്ഷേപിച്ചപ്പോഴാണ് വെസ്റ്റ്ബാങ്കിന്റെ മിസൈല്‍ ശേഷിയെ കുറിച്ച് ഇസ്രായേലി സൈന്യം മനസിലാക്കുന്നത്.
ഇസ്രയേലിനെ ദ്രോഹിക്കുന്നവര്‍ക്ക് ഏഴ് മടങ്ങായി തിരിച്ചടി നൽകുമെന്നാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്സ് പറയുന്നത്. ഓഗസ്റ്റില്‍ അവസാനം യെമനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂതികളുടെ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവി കൊല്ലപ്പെട്ട കാര്യവും ഇസ്രായേൽ കാറ്സ് എടുത്ത് പറഞ്ഞു. അതിന് പ്രതികരമായിട്ട് യമനിൽ ഇസ്രായേൽ നിരവധി ആക്രമണങ്ങൾ നടത്തുകയും പ്രധാനമന്ത്രി ഉൾപ്പെടെ ഹൂത്തി ഭരണകൂടത്തിലെ നിരവധി അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു.
2023 നവംബർ മുതൽ ഹൂത്തികൾ ഇസ്രായേൽ കപ്പലുകളെ ചെങ്കടലിൽ വെച്ച് ആക്രമിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ഹൂതികളുടെ ആക്രമണം.
അതേസമയം, ഗസ സിറ്റിയില്‍ നിന്നും മാറിയ ഫലസ്തീനികള്‍ക്കൊപ്പം ഇസ്രായേലി ചാരന്മാരുമുണ്ടെന്ന് ഹമാസ് മുന്നറിയിപ്പ് നല്കി. അത്തരക്കാരായ ചിലരെ പിടികൂടിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.