‘യുദ്ധം നീണ്ടുപോയാല്‍ ഹമാസല്ല, ഇസ്രായേലാണ് തകരുക’; വീണ്ടും മുന്നറിയിപ്പുമായി ഇസ്രായേല്‍ മുൻ സൈനിക മേധാവി
ഗസ്സയില്‍ യുദ്ധം ഇനിയും തുടർന്നാല്‍ ഹമാസല്ല, ഇസ്രായേല്‍ തന്നെയാണ് തകരുകയെന്ന് മുൻ സൈനിക മേധാവി യിത്ഷാക് ബ്രിക് മുന്നറിയിപ്പ് നല്കി.
‘ഹമാസല്ല, ഇസ്രായേലാണ് തകരുന്നത്’ എന്ന തലക്കെട്ടോടെയാണ് ഇസ്രായേലി മാധ്യമമായ ‘ഹാരെറ്റ്സ്’ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇസ്രായേലിന് വലിയ തോതിലുള്ള നാശനഷ്ടമാണ് സംഭവിക്കുന്നത്. ഹമാസിനേക്കാള്‍ വലിയ ആഘാതമാണ് രാജ്യത്തിന് യുദ്ധം ഉണ്ടാക്കുകയയെന്നും യിത്ഷാക് ബ്രിക് റിപ്പോർട്ടില്‍ വ്യക്തമാക്കി.
പരിശീലനത്തിന്റെ അഭാവം കാരണം സൈനികർ ക്ഷീണിതരാണ്. യുദ്ധം ചെയ്യാനുള്ള അവരുടെ കഴിവ് നഷ്ടപ്പെടുന്നുണ്ട്. പലരും പരിശീലന കാലയളവ് തീരും മുമ്ബേ യുദ്ധത്തിനിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തല്‍ പ്രഖ്യാപിച്ചാലും ഗസ്സയില്‍നിന്ന് സൈനികരെ പിൻവലിക്കില്ലെന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെ നിലപാടിനെയും മുൻ സൈനിക മേധാവി എതിർത്തു. ഹമാസുമായി വെടിനിർത്തല്‍ കരാറിലെത്തിയശേഷം ഗസ്സയില്‍നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് പരാജയത്തിന് തുല്യമാണെന്നാണ് ചിലർ വാദിക്കുന്നത്. ഗസ്സയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാത്തതിനാലാണ് അവർ ഇങ്ങനെ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.