ഇനി ഇറാനുമായി നേരിട്ട് ഏറ്റുമുട്ടിയാൽ ഇസ്രായേൽ എന്ന രാജ്യം നശിപ്പിക്കപ്പെടും; തുറന്നു പറച്ചിലുമായി മുൻ അമേരിക്കൻ ജനറൽ ലോറൻസ് വിൽക്കേഴ്സൻ
ഇറാനുമായുള്ള യുദ്ധത്തിലേക്ക് അമേരിക്കയെ വീണ്ടും വലിച്ചിഴയ്ക്കാനുള്ള ഇസ്രായേൽ ശ്രമങ്ങൾക്കെതിരെ അമേരിക്കൻ സൈന്യത്തിൽ നിന്നും വിരമിച്ച കേണൽ ലോറൻസ് വിൽക്കർസൺ ഒരു മുന്നറിയിപ്പ് ഇപ്പോൾ നൽകിയിട്ടുണ്ട്.
ഇറാനെ “ഒറ്റയ്ക്ക്” പോയി ആക്രമിച്ചാൽ, ഇസ്രായേൽ എന്ന രാജ്യം നശിപ്പിക്കപ്പെടുമെന്ന് നെതന്യാഹുവിന് വളരെ നന്നായി അറിയാമായിരുന്നു എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവലിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന വിൽക്കർസൺ പറയുന്നത്.
ശനിയാഴ്ച ഓൺലൈനിൽ പങ്ക് വെച്ച തന്റെ വെബ് ടെലിവിഷൻ ഷോയായ ലെജിറ്റിമേറ്റ് ടാർഗെറ്റ്സിൽ അമേരിക്കൻ രാഷ്ട്രീയ നിരൂപകനും ഏറെ സ്വാധീനശക്തിയുമുള്ള ജാക്സൺ ഹിങ്കലുമായി സംസാരിക്കുന്നതിനിടെയാണ് വിൽക്കർസൺ ഈ അഭിപ്രായപ്രകടനം നടത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയ അജണ്ട ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു അവരുടെ ചർച്ച.
ഈ വർഷം ജൂൺ 13 ന് ആരംഭിച്ച ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തെക്കുറിച്ചും വിരമിച്ച ജനറൽ പരാമർശങ്ങൾ നടത്തിയിരുന്നു. ഇസ്രായേലിന്റെ അഭ്യർത്ഥനയെത്തുടർന്ന്, വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് രണ്ട് ദിവസം മുമ്പായി, ജൂൺ 22 ന്, മൂന്ന് പ്രധാന ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ബോംബ് ആക്രമണം നടത്തിക്കൊണ്ടാണ് അമേരിക്ക ആയ യുദ്ധത്തിലേക്ക് പ്രവേശനം നടത്തിയത്.
ഇസ്രായേലിനുള്ളിലെ ലക്ഷ്യങ്ങളിൽ മിസൈൽ ആക്രമണം നടത്തിക്കൊണ്ടും ഖത്തറിലെ ഒരു അമേരിക്കൻ വ്യോമതാവളം ആക്രമിച്ചുകൊണ്ടും ഇറാൻ തങ്ങളുടെ മണ്ണിലെ അമേരിക്കൻ ആക്രമണങ്ങൾക്ക് തക്കതായ മറുപടിയും നൽകിയിരുന്നു.
ഇറാനിയൻ മിസൈലുകളുടെ ശക്തിയെക്കുറിച്ച് ഇസ്രായേൽ മനസ്സിലാക്കിയിട്ടുണ്ടെന്നും അവ “മിക്കവാറും തദ്ദേശീയമായിരുന്നു” എന്നും ജൂൺ 23 ന് പ്രഖ്യാപിച്ച വെടിനിർത്തലിന് പിന്നിലെ ഒരു കാരണം ഈ മിസൈലുകൾ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അവർ അത് മനസ്സിലാക്കി. 12 ദിവസത്തെ മനോഹരമായ യുദ്ധം ഇത്ര പെട്ടെന്ന് നിർത്തലാക്കാൻ ഇസ്രായേൽ ശ്രമിച്ചതിന്റെ ഒരു കാരണം അതാണ്.” ഇറാൻ സംയമനം പാലിക്കുകയും സിവിലിയൻ സ്ഥലങ്ങൾ ലക്ഷ്യം വയ്ക്കുന്നത് ഒഴിവാക്കുകയും ചെയ്തതിനാൽ ഇറാനിയൻ മിസൈൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം കുറവാണെന്നും വിൽക്കേഴ്സൺ പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ച കാര്യവും അദ്ദേഹം എടുത്ത് പറഞ്ഞു. ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന പുതിയ ആക്രമണം ഉണ്ടായാൽ, അതിലേക്കും നെതന്യാഹു അമേരിക്കയെ ഉൾപ്പെടുത്തുമെന്ന് വിരമിച്ച ജനറൽ പറയുന്നു.
“താൻ നേടാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കയെ കൊണ്ടുവരിക എന്നതാണ് ഏക മാർഗമെന്ന് അദ്ദേഹത്തിന് പൂർണ്ണമായി അറിയാം,” അമേരിക്ക മടിച്ച് നിൽക്കുന്നത് കൊണ്ട്, ഇറാനെ ഇനി ഒറ്റക്ക് ആക്രമിക്കാൻ നെതന്യാഹു ഇറങ്ങിയാൽ “ഇസ്രായേൽ നശിപ്പിക്കപ്പെടും” എന്നാണ് വിൽക്കഴ്സൺ അഭിപ്രായപ്പെടുന്നത്.
ഇറാനുമായുള്ള കഴിഞ്ഞ 12 ദിവസത് യുദ്ധം ഇസ്രായേൽ ഭരണകൂടത്തിന്റെ സമ്പദ്വ്യവസ്ഥയെ ഒരു വർഷം മുഴുവൻ പിന്നോട്ട് നയിച്ചുവെന്നാണ് കണക്ക് കൂട്ടുന്നത്. 2025 ലെ രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയ നെഗറ്റീവ് വളർച്ചയ്ക്ക് ഇത് കാരണമായെന്നും ബിസിനസ്, സാമ്പത്തികശാസ്ത്ര വെബ്സൈറ്റായ കാൽക്കലിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.
ഇസ്രായേൽ ഭരണകൂടത്തിന് ഏകദേശം 6 ബില്യൺ ഡോളർ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.













