‘ഇമ്രാനെ ജയില്‍ മാറ്റണം’; തെഹരീക് ഇ ഇന്‍സാഫ് കോടതിയില്‍
തോഷാഖാന കേസില്‍ മൂന്നുവര്‍ഷം തടവ് ശിക്ഷ ലഭിച്ച പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് കോടതിയില്‍.
സുരക്ഷ മുൻനിര്‍ത്തി അദ്ദേഹത്തെ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റണമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇപ്പോൾ പഞ്ചാബിലെ അറ്റോക്ക് ജയിലിലാണ് ഇമ്രാനെ പാര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ തടവുകാര്‍ക്ക് അനുവദനീയമായ സൗകര്യങ്ങള്‍ ഇമ്രാന് ലഭ്യമാക്കണമെന്നും കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ ഡോക്ടര്‍ക്കും സന്ദര്‍ശനം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.ഇമ്രാന് ശിക്ഷ വിധിച്ച വിചാരണ കോടതി, അദ്ദേഹത്തെ അഡിയാല ജയിലില്‍ പ്രവേശിപ്പിക്കാനാണ് നിര്‍ദേശിച്ചത്. ഇതിനു വിരുദ്ധമായി അദ്ദേഹത്തെ അറ്റോക്കിലേക്ക് മാറ്റുകയായിരുന്നു. അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടശേഷം നൂറ്റിനാല്‍പ്പതിലധികം കേസുകളാണ് ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ ഇമ്രാനുമേല് ചുമത്തിയിരിക്കുന്നത്.
ഇവിടെ സമയത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. സുരക്ഷയുടെ കാര്യത്തിലും ആശങ്കയുണ്ടെന്ന് തെഹരീക് ഇ ഇൻസാഫ് പരാതിയിൽ പറയുന്നുണ്ട്.