ഇന്ത്യയും റഷ്യയും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പിട്ടു; വിനിമയം ഇനി രൂപയിലും റൂബിളിലും, ഡോളർ തഴയപ്പെടും
ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇരു രാജ്യങ്ങള്‍ക്കും ഭാവിയില്‍ എല്ലാത്തരം വെല്ലുവിളികളെയും നേരിടാന്‍ സഹായിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘വരും കാലങ്ങളില്‍ നമ്മുടെ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാന്‍ നമ്മെ സഹായിക്കുമെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു, ഈ വിശ്വാസമാണ് നമ്മുടെ ഭാവിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യുക’ എന്നാണ് പുതിനെ നോക്കിക്കൊണ്ട് മോദി പറഞ്ഞത്.
പഹല്‍ഗാമിലെ ഭീകരാക്രമണമായാലും അമേരിക്കയിലെ ക്രോക്കസ് സിറ്റി ഹാളിന് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണമായാലും, ഇത്തരം എല്ലാ പ്രവൃത്തികള്‍ക്കും ഒരേ വേരുകളാണ് ഉള്ളത്. ഭീകരത മാനവികതയുടെ മൂല്യങ്ങള്‍ക്കു നേരെയുള്ള നേരിട്ടുള്ള ഒരു ആക്രമണമാണെന്നും ഇതിനെതിരായ ആഗോള ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി എന്നും ഇന്ത്യ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തില്‍ ഇന്ത്യ സജീവമായി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് ഇന്ത്യന്‍-റഷ്യന്‍ വ്യവസായങ്ങള്‍ തമ്മിലുള്ള സംയുക്ത ഉത്പാദനവും പുതിയ സംരംഭങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഊഷ്മളമായ സ്വീകരണത്തിന് ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പുതിന് തന്റെ നന്ദി അറിയിച്ചു. മോദിയുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു എന്നും സൗഹൃദപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്നും പുതിന് വ്യക്തമാക്കി. റഷ്യയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്ന കരാറുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും പുതിന് പറഞ്ഞു.
ഇരു രാജ്യങ്ങളും പേയ്മെന്റ് സെറ്റില്‍ ചെയ്യാനായി ദേശീയ കറന്‍സികള്‍ ഉപയോഗിക്കുന്നതിലേക്ക് ക്രമേണ നീങ്ങുകയാണെന്നും പുതിന് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇനി രൂപയിലും റഷ്യന്‍ കറന്‍സിയായ റൂബിളിലും ആകും നടക്കുക എന്നാണ് പുതിന് പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിൽ നിന്ന് ഡോളറിന്റെ ഉപയോഗം ക്രമേണെ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.
ആകെ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി മോഡി അറിയിച്ചിട്ടുണ്ട്. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ടു കരാറുകളിൽ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായി.
2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം കൂട്ടും. റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു എന്നും ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും മോദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും, കൂടംകുളം ആണവോർജ നിലയ നിർമ്മാണം പൂർത്തിയാക്കാൻ സഹകരിക്കുമെന്നും പുടിൻ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവോർജ നിലയങ്ങളിലൊന്നാണിത്. ചെറു ആണവ റിയാക്ടറുകൾ ഉണ്ടാക്കാനും സഹകരണം ശക്തമാക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യൻ ടിവി ചാനൽ ഇന്ന് മുതൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും പുടിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇത് സാംസ്കാരികമായ പരസ്പര സഹകരണത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.













