അയർലൻഡിൽ ഇന്ത്യക്കാരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്നു: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോകരുതെന്ന് എംബസ്സിയുടെ മുന്നറിയിപ്പ്

അയർലൻ്റിൽ ഇന്ത്യക്കാർക്ക് എതിരായ ആക്രമണങ്ങൾ പെരുകുകയാണ്. ഇന്ത്യൻ വംശജരെയും ഇന്ത്യാക്കാരെയും ആക്രമിക്കുന്ന സംഭവങ്ങൾ പതിവായതോടെ അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എംബസ്സി.
എല്ലാവരും ജാഗ്രത പുലർത്തണമെന്നും ആൾപ്പാർപ്പില്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകരുതെന്നുമാണ് നിർദേശം. ജൂലൈ 19 ന്, 40കാരനായ ഒരു ഇന്ത്യാക്കാരൻ ഡബ്ലിനിൽ ടാലറ്റ് എന്ന സ്ഥലത്ത് വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ആമസോണിൽ ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇയാളെ രക്ഷപ്പെടുത്തിയത് ജന്നിഫർ മുറേ എന്ന അയർലൻ്റ് സ്വദേശിയായ സ്ത്രീയാണ്.
അടുത്ത കാലത്തായി കുറഞ്ഞത് നാല് ഇന്ത്യാക്കാരെങ്കിലും ആക്രമിക്കപ്പെട്ടെന്നും ഇതൊന്നും വാർത്തയാകുന്നില്ലെന്നും, ഈ പ്രദേശത്ത് സമീപകാലത്തായി ഇത്തരം വിദ്വേഷ ആക്രമണങ്ങൾ കൂടിവരുന്നതായും മുറേ സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു.
ജൂലൈ 19ന് ടാലറ്റിലെ പാർക്ക്ഹിൽ റോഡിലാണ് ഒരുകൂട്ടം ഐറിഷ് യുവാക്കൾ ചേർന്ന് ആഴ്ചകൾക്ക് മുമ്പ് അയർലാൻഡിലേക്ക് കുടിയേറിയ ഇന്ത്യക്കാരനെ ക്രൂരമായി ആക്രമിച്ചത്. അക്രമണത്തിൽ ഇയാൾക്ക് കൈകൾക്കും കാലിനും മുഖത്തും സാരമായ പരിക്കേറ്റിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്ത്യക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളും ഉണ്ടായിരുന്നു. ഇയാൾ കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഐറിഷ് പോലീസ് തള്ളിക്കളഞ്ഞു. ടാലറ്റ് മേഖലയിൽ ഇതിന് മുമ്പും സമാനമായി അക്രമണം നടന്നിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.
അയർലൻഡിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. തെളിവുകൾ ലഭ്യമാകുംമുമ്പേ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയ ദേശീയ മാധ്യമത്തെ അദ്ദേഹം വിമർശിച്ചു. സത്യാവസ്ഥ അറിയാൻ ഐറിഷ് ജനത കാണിച്ച പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇന്ത്യന്‍ വംശജനായ സംരംഭകനും സീനിയര്‍ ഡാറ്റാ സയന്റിസ്റ്റുമായ ഡോക്റ്റർ സന്തോഷ് യാദവിനെ കഴിഞ്ഞയാഴ്ച ഡബ്ലിനില്‍ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്മെന്റിന് സമീപത്തു വെച്ചാണ് ആറ് പേര് ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ കണ്ണട തട്ടിപ്പറിച്ചു പൊട്ടിക്കുകയും, പിന്നീട് ക്രൂരമായി മര്‍ദിക്കുകയും വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
ഈ ആക്രമണം വര്‍ധിച്ചു വരുന്ന ഒരു പ്രവണതയുടെ ഭാഗമാണെന്ന് ലിങ്ക്ഡ് ഇന്നിലൂടെ സന്തോഷ് യാദവ് പറഞ്ഞിരുന്നു. ‘ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഡബ്ലിനിലുടനീളം ഇന്ത്യക്കാര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. എന്നിട്ടും സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നു. ഈ കുറ്റവാളികള്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല.’ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാക്കാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ എംബസിയെ ബന്ധപ്പെടാനുള്ള നമ്പറും നൽകിയിട്ടുണ്ട്. പരാതികളോ മറ്റ് ആശങ്കകളോ ഇമെയിലായും അയക്കാമെന്നും, എല്ലാവരും സ്വന്തം രക്ഷയ്ക്കായി സ്വയം കരുതൽ സ്വീകരിക്കണമെന്നും ഡബ്ലിനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.
നമ്മുടെ നാട്ടിൽ ചില പ്രത്യേക വിഭാഗം ആളുകൾ വിമത ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ വിദേശരാജ്യങ്ങളിൽ ഉണ്ടാക്കുന്നത് വളരെ മോശമായ പ്രതിച്ഛായയാണ്. അതിന്റെയൊക്കെ പ്രതികരണം എന്ന നിലക്കും ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.